ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയറായി അധികാരമേറ്റെടുത്ത ശേഷം സൊഹ്‌റാൻ മംദാനി നേരിടുന്ന ആദ്യത്തെ പ്രധാന പരീക്ഷണമായി മാറിയിരിക്കുകയാണ് ഈ വാരാന്ത്യത്തിലെ ശക്തമായ മഞ്ഞുവീഴ്ച.
നഗരത്തിലെ ഏകദേശം 9 ലക്ഷം പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച സ്കൂൾ അവധി നൽകണോ, അതോ ഓൺലൈൻ ക്ലാസുകൾ നടത്തണോ എന്നതുൾപ്പെടെയുള്ള നിർണായക തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യത്തിലാണ് അദ്ദേഹം ഇപ്പോൾ. 34 വയസ്സുള്ള സൊഹ്‌റാൻ മംദാനി 2026 ജനുവരി ഒന്നിനാണ് ന്യൂയോർക്ക് സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്തത്.
ഭരണപരിചയം കുറവാണെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കിടയിലാണ് ഇത്ര വലിയൊരു കാലാവസ്ഥാ പ്രതിസന്ധി അദ്ദേഹത്തിന് നേരിടേണ്ടി വരുന്നത്.
തിങ്കളാഴ്ച പരമ്പരാഗത ‘സ്നോ ഡേ’ (പൂർണ അവധി) നൽകില്ലെന്ന് മേയർ വ്യക്തമാക്കിയിട്ടുണ്ട്. പകരം, സാഹചര്യമനുസരിച്ച് ക്ലാസുകൾ ഓൺലൈനായി നടത്താനാണ് സാധ്യത. എന്നാൽ മഞ്ഞുവീഴ്ച കുറഞ്ഞാൽ സ്കൂളുകൾ സാധാരണ രീതിയിൽ പ്രവർത്തിക്കും. ഞായറാഴ്ചയോടെ ഇതിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച മുതൽ 2,000-ലധികം ശുചീകരണ തൊഴിലാളികൾ 12 മണിക്കൂർ ഷിഫ്റ്റുകളിൽ പ്രവർത്തിക്കും. ഏകദേശം 700 ഉപ്പ് വിതറുന്ന യന്ത്രങ്ങളും 2,200 മഞ്ഞുമാറ്റുന്ന യന്ത്രങ്ങളും നഗരത്തിൽ തയ്യാറാക്കിയിട്ടുണ്ട്.
ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിൽ പല മേയർമാരുടെയും രാഷ്ട്രീയ ഭാവി നിർണയിച്ചത് ഇത്തരം മഞ്ഞുവീഴ്ചകളെ എങ്ങനെ കൈകാര്യം ചെയ്തു എന്നതാണ്. 1969-ൽ ജോൺ ലിൻഡ്സെയും 2010-ൽ മൈക്കൽ ബ്ലൂംബെർഗും മഞ്ഞുമാറ്റുന്നതിലെ പരാജയത്തിന്റെ പേരിൽ വൻ ജനരോഷം നേരിട്ടിരുന്നു. അതിനാൽ, രാജ്യത്തെ ഏറ്റവും വലിയ നഗരത്തെ ഭരിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് തെളിയിക്കാനുള്ള നിർണായക അവസരമായാണ് മംദാനി ഈ സാഹചര്യത്തെ കാണുന്നത്.
ഈ കനത്ത മഞ്ഞുവീഴ്ച പുതിയ മേയർ എങ്ങനെ നേരിടുമെന്ന് അമേരിക്ക ഉറ്റുനോക്കുകയാണ്.













