ഇന്ത്യക്ക് പിന്നാലെ യുഎസുമായി വ്യാപാര കരാറിൽ ഒപ്പിട്ട് ബംഗ്ലാദേശ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക

ഇന്ത്യക്ക് പിന്നാലെ യുഎസുമായി വ്യാപാര കരാറിൽ ഒപ്പിട്ട് ബംഗ്ലാദേശ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക

പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കയുമായി സുപ്രധാന വ്യാപാര കരാറിൽ ഒപ്പിട്ട് ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. ഫെബ്രുവരി 12-ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഫെബ്രുവരി 9-നാണ് വാഷിംഗ്ടണിൽ വെച്ച് ഇരുരാജ്യങ്ങളും കരാർ ഔദ്യോഗികമാക്കിയത്. ഇന്ത്യയും അമേരിക്കയും തമ്മിൽ സമാനമായ കരാറിലെത്തിയതിന് പിന്നാലെയാണ് ബംഗ്ലാദേശിന്റെ ഈ തിരക്കിട്ട നീക്കം. പുതിയ കരാർ പ്രകാരം ബംഗ്ലാദേശിൽ നിന്നുള്ള വസ്ത്ര കയറ്റുമതിയുടെ തീരുവ 20 ശതമാനത്തിൽ നിന്ന് 19 ശതമാനമായി കുറയും.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 18 ശതമാനം തീരുവ ഇളവ് അനുവദിച്ചതോടെ, ആഗോള വിപണിയിൽ ബംഗ്ലാദേശിന്റെ വസ്ത്ര വ്യാപാര മേഖലയ്ക്ക് വലിയ ഭീഷണി ഉയർന്നിരുന്നു. ഇന്ത്യയുമായുള്ള മത്സരത്തിൽ വിപണി നഷ്ടപ്പെടുമോ എന്ന ഭയമാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരമൊരു കരാറിൽ ഒപ്പിടാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. യുഎസ് പരുത്തി ഉപയോഗിച്ച് നിർമ്മിക്കുന്ന ബംഗ്ലാദേശി വസ്ത്രങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വലിയ നികുതിയിളവ് ലഭിക്കുമെന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉണർവേകുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

അതേസമയം, കരാറിലെ നിബന്ധനകൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതിനെതിരെ ബംഗ്ലാദേശിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ‘നോൺ-ഡിസ്ക്ലോഷർ എഗ്രിമെന്റ്’ പ്രകാരം ഒപ്പിട്ട കരാറിന്റെ കരട് പാർലമെന്റിലോ വ്യവസായ മേഖലയിലുള്ളവരുമായോ ചർച്ച ചെയ്തിട്ടില്ല. അമേരിക്കൻ വാഹനങ്ങൾക്കും സൈനിക ഉപകരണങ്ങൾക്കും നിയന്ത്രണമില്ലാതെ വിപണി തുറന്നുകൊടുക്കണമെന്നതുൾപ്പെടെയുള്ള കടുത്ത നിബന്ധനകൾ കരാറിലുണ്ടെന്നാണ് സൂചന. ഒരു ഇടക്കാല സർക്കാർ ഇത്തരം ദീർഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിമർശിക്കുന്നു.

Share Email
LATEST
More Articles
Top