ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ ഇനി മുതൽ ക്യാൻസലേഷൻ ചാർജ് ഈടാക്കില്ല. ഏഴ് ദിവസത്തിന് ശേഷമുള്ള ആഭ്യന്തര യാത്രകൾക്കും 15 ദിവസത്തിന് ശേഷമുള്ള അന്താരാഷ്ട്ര യാത്രകൾക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റ് റദ്ദാക്കുമ്പോൾ യൂസർ ഡെവലപ്‌മെന്റ് ഫീ, എയർപോർട്ട് ഡെവലപ്‌മെന്റ് ഫീ എന്നിവയുൾപ്പെടെ മുഴുവൻ തുകയും തിരികെ നൽകണമെന്നും ബുക്കിംഗ് സമയത്ത് തന്നെ റദ്ദാക്കൽ നിരക്കുകൾ വ്യക്തമാക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
തുക തിരികെ നൽകുന്നതിനും കർശന സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് വഴി എടുത്ത ടിക്കറ്റുകൾക്ക് ഏഴ് ദിവസത്തിനുള്ളിലും, ട്രാവൽ ഏജന്റുകൾ വഴിയാണെങ്കിൽ 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിലും പണം തിരികെ നൽകണം. എയർലൈൻ ഓഫീസുകളിൽ നിന്ന് നേരിട്ട് പണം നൽകി എടുത്ത ടിക്കറ്റാണെങ്കിൽ തുക ഉടനടി മടക്കി നൽകണം. യാത്രക്കാർക്ക് കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതാണ് പുതിയ പരിഷ്കാരങ്ങൾ.












