ചെന്നൈ: തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ്‌യെയും നടി തൃഷയെയും ചേർത്ത് അധിക്ഷേപകരമായ പരാമർശം നടത്തിയ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഒടുവിൽ ഖേദം പ്രകടിപ്പിച്ചു. തന്റെ വാക്കുകൾ അബദ്ധത്തിൽ സംഭവിച്ചതാണെന്നും ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സേലത്തെ റാലിയിൽ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിക്കുന്നതിനിടയിലാണ് അദ്ദേഹം വ്യക്തിപരമായ അധിക്ഷേപം നടത്തിയത്.
വിജയ് രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ ആദ്യം തൃഷയുടെ വീട്ടിൽ നിന്ന് പുറത്തുവരണമെന്നായിരുന്നു നൈനാർ നാഗേന്ദ്രന്റെ വിവാദ പരാമർശം. വിജയ്‌യുടെ രാഷ്ട്രീയ പരിചയക്കുറവിനെ വിമർശിക്കുന്നതിനിടയിലാണ് നടിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചത്. ഇതിനെതിരെ തൃഷ ശക്തമായ ഭാഷയിൽ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിൽ ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും തരംതാഴ്ന്ന പരാമർശം പ്രതീക്ഷിച്ചില്ലെന്ന് തൃഷയുടെ അഭിഭാഷകൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
സംഭവം വിവാദമായതോടെ ബിജെപി മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസനും അണ്ണാമലൈയും നൈനാർ നാഗേന്ദ്രനുമായി സംസാരിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം നിലപാട് മാറ്റിയത്. ഡിഎംകെയും കോൺഗ്രസും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ബിജെപി നേതാവിന്റെ സ്ത്രീവിരുദ്ധതയെ രൂക്ഷമായി വിമർശിച്ചിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ ഈ സംഭവത്തിന് ഒടുവിൽ ഖേദപ്രകടനത്തിലൂടെ താൽക്കാലിക വിരാമമായിരിക്കുകയാണ്.












