വാഷിംഗ്ടൺ: അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ ലൈംഗിക അതിക്രമക്കേസിലെ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പ് കൂടി. എപ്‌സ്റ്റീന്റെ സ്വത്തുക്കളിൽ നിന്നും ഏകദേശം 3.5 കോടി ഡോളർ (ഏകദേശം 300 കോടി രൂപ) ഇരകൾക്ക് നഷ്ടപരിഹാരമായി നൽകാൻ ധാരണയായി. ഇതുസംബന്ധിച്ച കരട് വിധി കഴിഞ്ഞ വ്യാഴാഴ്ച കോടതിയിൽ സമർപ്പിച്ചു.
1995 ജനുവരി 1 മുതൽ എപ്‌സ്റ്റീൻ ജയിലിൽ വെച്ച് മരിച്ച 2019 ഓഗസ്റ്റ് 10 വരെയുള്ള കാലയളവിൽ ഇദ്ദേഹത്തിന്റെ പീഡനത്തിനോ ലൈംഗിക വൈകൃതങ്ങൾക്കോ ഇരയായവർക്കാണ് ഈ തുക ലഭിക്കുക. നഷ്ടപരിഹാരം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് ഇരകളുടെ എണ്ണം 40-ൽ കൂടുതലാണെങ്കിൽ 3.5 കോടി ഡോളറും, എണ്ണം അതിൽ കുറവാണെങ്കിൽ 2.5 കോടി ഡോളറുമായിരിക്കും വിതരണം ചെയ്യുക. എപ്‌സ്റ്റീന്റെ മുൻ അഭിഭാഷകൻ ഡാരൻ ഇൻഡിക്, അക്കൗണ്ടന്റ് റിച്ചാർഡ് കാൻ എന്നിവരാണ് ഈ സെറ്റിൽമെന്റ് നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്.
ഇരുവരും എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും ഉൾപ്പെട്ട ‘എപ്‌സ്റ്റീൻ ഫയലുകൾ’ സംബന്ധിച്ച ചർച്ചകൾ ലോകമെങ്ങും സജീവമായിരിക്കെ പുറത്തുവന്ന ഈ വിധി ഇരകളുടെ വർഷങ്ങൾ നീണ്ട പോരാട്ടത്തിന് ലഭിച്ച വലിയൊരു അംഗീകാരമാണ്.













