വാഷിംഗ്ടൺ: ജെഫ്രി എപ്‌സ്റ്റീന്റെ സഹായിയായിരുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിന്റെ മൊഴികൾ അതീവ ജാഗ്രതയോടെയും സംശയത്തോടെയും മാത്രമേ കാണാവൂ എന്ന് എപ്‌സ്റ്റീൻ കേസിലെ അതിജീവിതർ അമേരിക്കൻ ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. മാക്‌സ്‌വെൽ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകുന്നതിന് തൊട്ടുപിന്നാലെയാണ് ഇരകൾ ഒപ്പിട്ട കത്ത് പുറത്തുവന്നത്. തിങ്കളാഴ്ച നടന്ന വെർച്വൽ മൊഴിയെടുപ്പിനിടെ ഈ കത്ത് തെളിവായി സ്വീകരിച്ചു.
“മാക്‌സ്‌വെല്ലിന്റെ മൊഴികളെ കടുത്ത സംശയത്തോടെ സമീപിക്കണമെന്നും അവർ നടത്തുന്ന ഏതൊരു അവകാശവാദവും കൃത്യമായി പരിശോധിക്കണമെന്നും ഞങ്ങൾ കമ്മിറ്റിയോട് അഭ്യർത്ഥിക്കുന്നു. ഈ പ്രക്രിയ അതിജീവിതരെ വീണ്ടും ദ്രോഹിക്കാനോ അവരുടെ ശബ്ദം അടിച്ചമർത്താനോ ഉള്ള വേദിയായി മാറരുത്,” കത്തിൽ പറയുന്നു. മാക്‌സ്‌വെൽ ഒരു സാധാരണ സഹായി ആയിരുന്നില്ലെന്നും എപ്‌സ്റ്റീന്റെ ലൈംഗിക കടത്ത് ശൃംഖലയുടെ പ്രധാന ആസൂത്രകയും ശിൽപ്പിയുമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
ദശാബ്ദങ്ങളോളം തങ്ങളെ ദ്രോഹിച്ച വ്യക്തിയാണ് മാക്‌സ്‌വെൽ. സത്യം പറയുന്നതിന് പകരം ഇത് വീണ്ടും കള്ളങ്ങൾ പ്രചരിപ്പിക്കാനുള്ള അവസരമായി അവർ ഉപയോഗിക്കുമോ എന്ന് തങ്ങൾ ഭയപ്പെടുന്നുവെന്നും ഇരകൾ പറഞ്ഞു. മാക്‌സ്‌വെൽ ഇതിനോടകം പലതവണ സത്യപ്രതിജ്ഞ ലംഘിച്ച് കള്ളം പറഞ്ഞിട്ടുണ്ടെന്നും അവർ കുറ്റപ്പെടുത്തി.
വിർജീനിയ ഗ്യൂഫ്രെയുടെ കുടുംബാംഗങ്ങളും മറ്റ് നിരവധി ഇരകളും ചേർന്നാണ് ഈ കത്തിൽ ഒപ്പിട്ടിരിക്കുന്നത്. കുറ്റവാളിയായ ഒരു സ്ത്രീയുടെ പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമമല്ല, മറിച്ച് സത്യവും ഉത്തരവാദിത്തവുമാണ് കമ്മിറ്റിയുടെ മുൻഗണനയാകേണ്ടതെന്ന് അവർ ഓർമ്മിപ്പിച്ചു.










