വാഷിംഗ്ടൺ: നെറ്റ്ഫ്ലിക്സ് ബോർഡ് അംഗവും മുൻ നാഷണൽ സെക്യൂരിറ്റി അഡ്വൈസറുമായ സൂസൻ റൈസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം നെറ്റ്ഫ്ലിക്സിന് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് തന്റെ രോഷം പ്രകടിപ്പിച്ചത്. ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, ട്രംപിന് മുന്നിൽ മുട്ടുമടക്കുന്ന കോർപ്പറേറ്റുകൾക്കും മാധ്യമസ്ഥാപനങ്ങൾക്കുമെതിരെ ഡെമോക്രാറ്റുകൾ അധികാരത്തിൽ വന്നാൽ കടുത്ത നടപടിയുണ്ടാകുമെന്ന് റൈസ് പറഞ്ഞിരുന്നു.
ഈ സ്ഥാപനങ്ങൾ പിന്നീട് ഉത്തരവാദിത്തം പറയേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി. റൈസിനെ വംശീയവാദി എന്നും രാഷ്ട്രീയ ഉപജാപക എന്നും വിശേഷിപ്പിച്ച ട്രംപ്, അവരെ ഉടനടി പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. നെറ്റ്ഫ്ലിക്സ് ഇതിന് തയ്യാറായില്ലെങ്കിൽ “പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരും” എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എന്താണ് ഈ പ്രത്യാഘാതങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
വാർണർ ബ്രോസ് ഡിസ്കവറി വാങ്ങുന്നതിനായി നെറ്റ്ഫ്ലിക്സും പാരമൗണ്ട് സ്കൈഡാൻസും തമ്മിൽ വലിയ മത്സരം നടക്കുന്ന സമയത്താണ് ഈ വിവാദം. 83 ബില്യൺ ഡോളറിന്റെ ലയനത്തിനാണ് നെറ്റ്ഫ്ലിക്സ് ശ്രമിക്കുന്നത്. ട്രംപിന്റെ ഈ പ്രസ്താവന ഈ ഇടപാടിനെ ബാധിക്കുമോ എന്ന് വിപണി ഉറ്റുനോക്കുന്നു. അതേസമയം, യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ ചെയർമാൻ ബ്രണ്ടൻ കാർ മുൻപ് ചില ചാനലുകളുടെ ബ്രോഡ്കാസ്റ്റ് ലൈസൻസ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ളത് ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. ബരാക് ഒബാമയുടെയും ജോ ബൈഡന്റെയും ഭരണകാലത്ത് പ്രധാന പദവികൾ വഹിച്ചിട്ടുള്ള സൂസൻ റൈസ് 2023-ലാണ് വീണ്ടും നെറ്റ്ഫ്ലിക്സ് ബോർഡിൽ എത്തിയത്.













