മ്യൂണിക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വിവരങ്ങൾ അത്യന്തം ഭീതിജനകവും ഞെട്ടിക്കുന്നതുമാണെന്ന് മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ. മ്യൂണിക്ക് സുരക്ഷാ കോൺഫറൻസിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. നീതിന്യായ വകുപ്പ് പുറത്തുവിടുന്ന എപ്‌സ്റ്റീൻ ഫയലുകളിൽ പാശ്ചാത്യ രാജ്യങ്ങളിലെ ഉന്നത നേതാക്കളുടെ പേരുകൾ പരാമർശിക്കപ്പെടുന്നത് പാശ്ചാത്യ മൂല്യങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന ചോദ്യത്തിന്, “ഇത് ഭയാനകമാണ്, വരും ദിവസങ്ങളിലും കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് അവർ മറുപടി നൽകിയത്.
ഫയലുകളിൽ പേരുള്ളവർ എല്ലാവരും കുറ്റവാളികളാണെന്ന് അർത്ഥമില്ലെന്നും എന്നാൽ ഇക്കാര്യത്തിൽ പൂർണ്ണമായ സുതാര്യത ആവശ്യമാണെന്നും ഹിലരി വ്യക്തമാക്കി. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഉത്തരവാദിത്തപ്പെട്ടവർ മറുപടി നൽകാനും ഈ ഫയലുകൾ പൂർണ്ണമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. യൂറോപ്പിലെ രാജകുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഈ വിവാദം വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടയിലാണ് ഹിലരിയുടെ ഈ പരസ്യ പ്രതികരണം ശ്രദ്ധേയമാകുന്നത്.
മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ പേരും എപ്‌സ്റ്റീൻ ഫയലുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. എപ്‌സ്റ്റീന്റെ വിമാനത്തിൽ ബിൽ ക്ലിന്റൺ യാത്ര ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും 2006-ൽ തന്നെ താൻ ബന്ധം ഉപേക്ഷിച്ചുവെന്നുമാണ് ബിൽ ക്ലിന്റന്റെ വിശദീകരണം. ഈ മാസാവസാനം ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് മുൻപിൽ ബിൽ ക്ലിന്റണും ഹിലരി ക്ലിന്റണും മൊഴി നൽകാൻ തയ്യാറെടുക്കുകയാണ്. രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായാണ് തങ്ങളെ ലക്ഷ്യം വെക്കുന്നതെന്ന ആരോപണം നിലനിൽക്കെത്തുടന്നാണ് മൊഴി നൽകാൻ ഇരുവരും സമ്മതിച്ചിരിക്കുന്നത്.













