എഫ്ബിഐ നടപടിക്കെതിരെ ഫുൾട്ടൺ കൗണ്ടി കോടതിയിലേക്ക്; ബാലറ്റുകൾ തിരികെ വേണമെന്ന് ആവശ്യം

എഫ്ബിഐ നടപടിക്കെതിരെ ഫുൾട്ടൺ കൗണ്ടി കോടതിയിലേക്ക്; ബാലറ്റുകൾ തിരികെ വേണമെന്ന് ആവശ്യം

അറ്റ്‌ലാന്‍റ: 2020-ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ നിർണ്ണായക രേഖകൾ എഫ്ബിഐ പിടിച്ചെടുത്തതിനെതിരെ ജോർജിയയിലെ ഫുൾട്ടൺ കൗണ്ടി അധികൃതർ ഫെഡറൽ കോടതിയിൽ ഹർജി നൽകും. ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള നീതിന്യായ വകുപ്പും എഫ്ബിഐയും നടത്തിയ ഈ നീക്കം നിയമവിരുദ്ധമാണെന്ന് കൗണ്ടി കമ്മീഷണർ മാർവിൻ അറിംഗ്ടൺ ജൂനിയർ ആരോപിച്ചു. കഴിഞ്ഞ ബുധനാഴ്ച അറ്റ്‌ലാന്റയിലെ ഫുൾട്ടൺ കൗണ്ടി ഇലക്ഷൻ ഓഫീസിൽ പരിശോധന നടത്തിയ എഫ്ബിഐ, ഏകദേശം 700 പെട്ടി തെരഞ്ഞെടുപ്പ് രേഖകളാണ് കൊണ്ടുപോയത്.

2020-ലെ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു എന്നാരോപിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു ഇത്. രേഖകളുടെ പകർപ്പ് എടുക്കാൻ എഫ്ബിഐക്ക് കോടതി അനുമതിയുണ്ടായിരുന്നു. എന്നാൽ യഥാർത്ഥ ബാലറ്റുകളും വോട്ടർ പട്ടികയും നേരിട്ട് കൊണ്ടുപോകാൻ അവർക്ക് അധികാരമില്ലെന്നാണ് കൗണ്ടി അധികൃതർ വാദിക്കുന്നത്.
പിടിച്ചെടുത്ത രേഖകൾ ഉടനടി തിരികെ നൽകണം, ബാലറ്റുകൾ ജോർജിയ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുത്, വോട്ടർമാരുടെ രഹസ്യവിവരങ്ങൾ സംരക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കൗണ്ടി ഉന്നയിക്കുന്നത്.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത്, 2020-ലെ തെരഞ്ഞെടുപ്പിലെ വോട്ട് രേഖകൾ വീണ്ടും പരിശോധിക്കാനുള്ള നീക്കങ്ങൾ സജീവമാണ്. ഇതിന്‍റെ ഭാഗമായാണ് ഫുൾട്ടൺ കൗണ്ടിയിലെ രേഖകൾ എഫ്ബിഐ പിടിച്ചെടുത്തത്. എന്നാൽ ഇത് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. “ഈ തെരഞ്ഞെടുപ്പ് രേഖകൾ അതിീവ സെൻസിറ്റീവ് ആണ്. എഫ്ബിഐയുടെ സെർച്ച് വാറന്റ് ശരിയായ രീതിയിലുള്ളതല്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വോട്ടർമാരുടെ വിവരങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കും.” – അറിംഗ്ടൺ ജൂനിയർ പറഞ്ഞു.

Share Email
LATEST
More Articles
Top