ജോലിഭാരം താങ്ങാനാവുന്നില്ല; അമേരിക്കയിൽ കോടതിയിൽ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ ഐ.സി.ഇ അഭിഭാഷകർ പുറത്തേക്ക്

ജോലിഭാരം താങ്ങാനാവുന്നില്ല; അമേരിക്കയിൽ കോടതിയിൽ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ ഐ.സി.ഇ അഭിഭാഷകർ പുറത്തേക്ക്

മിനസോട്ട: അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ അപ്രതീക്ഷിത പ്രതിസന്ധി. മിനസോട്ടയിലെ ഐ.സി.ഇ ചീഫ് കൗൺസൽ ജിം സ്റ്റോളി സർവീസിൽ നിന്ന് വിരമിച്ചു. ഇമിഗ്രേഷൻ കേസുകളുടെ ബാഹുല്യം കാരണം “ഈ ജോലി മടുത്തു” എന്നും ട്രംപ് ഭരണകൂടം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുകയാണെന്നും ഒരു അഭിഭാഷക കോടതിയിൽ തുറന്നടിച്ച അതേ ആഴ്ചയിലാണ് മുതിർന്ന ഉദ്യോഗസ്ഥന്റെ ഈ പടിയിറക്കം.

31 വർഷത്തെ സേവനത്തിന് ശേഷമാണ് ജിം സ്റ്റോളി വിരമിച്ചതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രിസിയ മക്ലാഫ്ലിൻ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ വിരമിക്കൽ നേരത്തെ നിശ്ചയിച്ചതാണെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും കൂടുതൽ വിശദീകരണങ്ങൾ നൽകാൻ മന്ത്രാലയം തയ്യാറായിട്ടില്ല. താൻ പൊതുസേവനത്തിൽ നിന്ന് വിരമിച്ചതായി സ്റ്റോളി ഔദ്യോഗിക ഇമെയിൽ സന്ദേശത്തിലൂടെ അറിയിച്ചു.

കഴിഞ്ഞ ഡിസംബർ മുതൽ ട്രംപ് ഭരണകൂടം ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കിയതോടെ മിനസോട്ടയിലെ കോടതികളിൽ കേസുകളുടെ വൻ പ്രവാഹമാണ് അനുഭവപ്പെടുന്നത്. ഇതിനിടെ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേകമായി നിയോഗിക്കപ്പെട്ട അഭിഭാഷക ജൂലി ലെ, കോടതി ഉത്തരവുകൾ പാലിക്കാൻ പോലും സാധിക്കാത്ത വിധം ജോലിഭാരം വർദ്ധിച്ചതായി ജില്ലാ ജഡ്ജിയോട് പരാതിപ്പെട്ടിരുന്നു. സർക്കാരിന്റെ നിലപാടില്ലായ്മയെയും അമിത ജോലിഭാരത്തെയും കോടതിയിൽ വിമർശിച്ചതിന് പിന്നാലെ ജൂലിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ചീഫ് കൗൺസലിന്റെ വിരമിക്കൽ വാർത്തയും പുറത്തുവരുന്നത്. ന്യൂയോർക്ക് ടൈംസാണ് ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത്.

Share Email
LATEST
More Articles
Top