വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന് ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതില്‍ ഇന്ത്യ പ്രതികരിക്കാതിരുന്നതിനു പിന്നാലെ വീണ്ടും നിലപാട് വ്യക്തമാക്കി അമേരിക്ക. അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ഉത്പന്നങ്ങളുടെ നികുതി കുറച്ചതിന് പിന്നാലെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കാന്‍ ധാരണയായെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇന്ത്യ ഈ തീരുമാനമെടുത്തതെന്ന് ലീവിറ്റ് ആവര്‍ത്തിച്ചു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു ലീവിറ്റ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. കൂടാതെ അമേരിക്കയില്‍ നിന്നും വെനസ്വേലില്‍ നിന്നും ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങും. വെനസ്വേലിയന്‍ എണ്ണയുടെ നിയന്ത്രണം ഇപ്പോള്‍ അമേരിക്കയ്ക്ക് ആയതിനാല്‍ അമേരിക്കന്‍ തൊഴിലാളികള്‍ക്കും വ്യവസായങ്ങള്‍ക്കും ഗുണകരമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഈ സുപ്രധാന കരാറില്‍ എത്തിയതെന്ന് ലീവിറ്റ് വ്യക്തമാക്കി. ഊര്‍ജ്ജ മേഖലയിലെ ക്രമീകരണങ്ങള്‍ക്ക് പുറമെ, അമേരിക്കയില്‍ വന്‍തോതിലുള്ള നിക്ഷേപം നടത്താനും ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്ന് ലീവിറ്റ് പറഞ്ഞു. ഗതാഗതം, ഊര്‍ജ്ജം, കൃഷി തുടങ്ങിയ മേഖലകളിലായി ഏകദേശം 500 ബില്യണ്‍ ഡോളര്‍ ഇന്ത്യ നിക്ഷേപിക്കുമെന്നും കരോലില്‍ കൂട്ടിച്ചേര്‍ത്തു.
India to end Russian oil imports, will import more from US: White House











