മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ വംശജയുടെ നാടകം; സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചെന്ന് വരുത്തി തീർക്കാൻ ശ്രമം

മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ വംശജയുടെ നാടകം; സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചെന്ന് വരുത്തി തീർക്കാൻ ശ്രമം

ഫ്ലോറിഡ: ഫ്ലോറിഡയിൽ നാലുവയസുകാരിയായ മകൾ ആര്യ തലാത്തിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം, അത് കുളത്തിൽ മുങ്ങി മരിച്ചതാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജയായ ഡോക്ടറുടെ 911 കോൾ റെക്കോർഡിംഗ് പുറത്തുവന്നു. ഒക്‌ലഹോമയിലെ ശിശുരോഗ വിദഗ്ധയായ നേഹ ഗുപ്ത (37) പോലീസിനെ വഞ്ചിക്കാൻ ബോധപൂർവ്വം നടത്തിയ നാടകമായിരുന്നു ഈ ഫോൺ വിളിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
റെക്കോർഡിംഗിൽ, “അവൾ പൂളിന്റെ അടിയിലാണ്. എനിക്ക് നീന്താൻ അറിയില്ല. ഞാൻ രക്ഷിക്കാൻ ശ്രമിച്ചു” എന്ന് കരഞ്ഞുകൊണ്ട് നേഹ പറയുന്നുണ്ട്.

ഡിസ്പാച്ചർ കുഞ്ഞിനെ ഉടൻ പുറത്തെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, നീന്തൽ അറിയില്ലെന്ന് ആവർത്തിച്ച നേഹ, പാരാമെഡിക്സ് എപ്പോൾ എത്തുമെന്നു മാത്രമാണ് ചോദിച്ചത്. പൂൾ ക്ലീനിംഗ് സ്റ്റിക്ക് ഉപയോഗിച്ചോ മറ്റെന്തെങ്കിലും വഴിയോ അവളെ പുറത്തെടുക്കാൻ ശ്രമിക്കാൻ ഡിസ്പാച്ചർ നിർദേശിച്ചെങ്കിലും, നേഹ ഗുപ്ത യാതൊരു ഗൗരവമുള്ള ശ്രമവും നടത്തിയില്ലെന്ന് പോലീസ് വ്യക്തമാക്കി.

പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം, കുഞ്ഞിന്റെ ശ്വാസകോശത്തിലോ വയറ്റിലോ വെള്ളം കണ്ടെത്തിയില്ല. ഇത് കുഞ്ഞിനെ വെള്ളത്തിൽ ഇടുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്നു.
കുഞ്ഞിന്റെ വായ്ക്കുള്ളിൽ മുറിവുകളും കവിളിൽ ചതവുകളും ഉണ്ടായിരുന്നു. തലയണയോ മറ്റെന്തെങ്കിലും ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്ന് മെഡിക്കൽ എക്സാമിനർ സ്ഥിരീകരിച്ചു.

കുഞ്ഞിന്റെ പിതാവ് സൗരഭ് തലാത്തി, കുട്ടിയുടെ പൂർണ സംരക്ഷണത്തിനായി കോടതിയെ സമീപിച്ചിരുന്നു. കുഞ്ഞിനെ ഫ്ലോറിഡയിലേക്ക് കൊണ്ടുപോയ വിവരം പിതാവിനെ നേഹ അറിയിച്ചിരുന്നില്ല. മരണത്തിന് ആഴ്ചകൾ മുമ്പ്, മെഡിക്കൽ സർവീസിൽ നിന്ന് നേഹയെ പിരിച്ചുവിട്ടിരുന്നു. അവരുടെ മാനസികാരോഗ്യം തകരാറിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടാം ഡിഗ്രി കൊലപാതക കുറ്റം ചുമത്തപ്പെട്ട നേഹ ഗുപ്ത ഇപ്പോൾ മിയാമിയിലെ ജയിലിലാണ്. ജാമ്യം അനുവദിച്ചിട്ടില്ല. 2026 മെയ് മാസത്തിൽ കേസ് വീണ്ടും കോടതി പരിഗണിക്കും.

Share Email
LATEST
More Articles
Top