ഒടുവിൽ ആശ്വാസം, ഇറാൻ-യുഎസ് ആണവ ചർച്ചയുടെ കാര്യത്തിൽ അന്തിമ തീരുമാനമായി, വെള്ളിയാഴ്ച്ച മസ്കറ്റിൽ നടക്കും

ഒടുവിൽ ആശ്വാസം, ഇറാൻ-യുഎസ് ആണവ ചർച്ചയുടെ കാര്യത്തിൽ അന്തിമ തീരുമാനമായി, വെള്ളിയാഴ്ച്ച മസ്കറ്റിൽ നടക്കും

ഇറാനും അമേരിക്കയും തമ്മിലുള്ള നിലനിൽക്കുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിനായുള്ള നയതന്ത്ര ചർച്ചകൾ ഈ വെള്ളിയാഴ്ച ഒമാനിലെ മസ്കറ്റിൽ നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള കടുത്ത വിശ്വാസക്കുറവ് ചർച്ചകൾക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ തുർക്കിയിലെ ഇസ്താംബുളിൽ വെച്ച് ചർച്ചകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും, ഇറാന്റെ ആവശ്യപ്രകാരം ചർച്ചാ വേദി ഒമാനിലേക്ക് മാറ്റുകയായിരുന്നു. മുമ്പ് പലതവണ ഒമാൻ മധ്യസ്ഥത വഹിച്ച ചർച്ചകൾ വിജയകരമായ പശ്ചാത്തലത്തിലാണ് ഈ മാറ്റം.

ആണവ കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമായി ചർച്ച പരിമിതപ്പെടുത്തണമെന്നാണ് ഇറാന്റെ ആവശ്യം. എന്നാൽ മിസൈൽ പദ്ധതികളും മേഖലയിലെ ഇറാന്റെ ഇടപെടലുകളും ചർച്ചയിൽ ഉൾപ്പെടുത്തണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും ചർച്ചകളിൽ പങ്കെടുക്കും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും ചർച്ചയുടെ ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന് നേരെ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ ആവർത്തിക്കുമെന്ന ഭീഷണിയും നിലനിൽക്കുന്നു. നിലവിൽ അറബിക്കടലിലും ഹോർമുസ് കടലിടുക്കിലും ഇരുരാജ്യങ്ങളും തമ്മിൽ സൈനികമായ അസ്വസ്ഥതകൾ വർധിച്ചുവരികയാണ്. ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ മേഖലയിൽ ഒരു യുദ്ധസാധ്യത തള്ളിക്കളയാനാകില്ലെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.

Share Email
LATEST
More Articles
Top