ഇറാനിയൻ ഡ്രോണുകളെ നേരിടാൻ ഉക്രെയ്ൻ സഹായം, സൗദിയിലും ഖത്തറിലും ഉക്രേനിയൻ വിദഗ്ധസംഘം; മിഡിൽ ഈസ്റ്റിൽ പ്രതിരോധം ശക്തമാക്കുന്നു

ഇറാനിയൻ ഡ്രോണുകളെ നേരിടാൻ ഉക്രെയ്ൻ സഹായം, സൗദിയിലും ഖത്തറിലും ഉക്രേനിയൻ വിദഗ്ധസംഘം; മിഡിൽ ഈസ്റ്റിൽ പ്രതിരോധം ശക്തമാക്കുന്നു

കീവ്/ദോഹ: മിഡിൽ ഈസ്റ്റിൽ ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഉക്രേനിയൻ വിദഗ്ധസംഘം രംഗത്ത്. സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ ഉക്രേനിയൻ പ്രതിരോധ സംഘങ്ങൾ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇറാനിയൻ ഡ്രോണുകളെ തകർക്കുന്നതിൽ തങ്ങൾക്കുള്ള പരിചയസമ്പത്ത് പങ്കുവെക്കുകയാണെന്നും ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി വെളിപ്പെടുത്തി. ഫ്രഞ്ച് പത്രമായ ‘ലെ മോണ്ടെ’ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

റഷ്യയുമായുള്ള യുദ്ധത്തിൽ ഇറാനിയൻ നിർമ്മിത ഡ്രോണുകൾ നിരന്തരം നേരിടുന്നത് വഴി ഉക്രെയ്ൻ ഈ മേഖലയിൽ വലിയ വൈദഗ്ധ്യം നേടിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാഷിംഗ്ടൺ ഉക്രെയ്നുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സെലെൻസ്‌കി പറഞ്ഞു. നിലവിൽ മേഖലയിലുള്ള വ്യോമപ്രതിരോധ സംവിധാനങ്ങൾ മാത്രം ഇറാനെ നേരിടാൻ പര്യാപ്തമല്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

ആധുനിക ഇന്റർസെപ്റ്ററുകളും ഡ്രോൺ വേട്ടയ്ക്കുള്ള പ്രത്യേക ഉപകരണങ്ങളും കൈമാറുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ഇതിന് പകരമായി ഉക്രെയ്ന് നിലവിൽ ആവശ്യമുള്ള വ്യോമപ്രതിരോധ മിസൈലുകൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉക്രെയ്നിലെ പ്രതിരോധ വ്യവസായം നിലവിൽ പകുതി ശേഷിയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. സ്വന്തമായി ഡ്രോണുകൾ നിർമ്മിക്കാൻ കൂടുതൽ സാമ്പത്തിക സഹായം ആവശ്യമാണെന്നും, ഇതിനായി ഗൾഫ് രാജ്യങ്ങളുമായി കരാറിലെത്താൻ ആഗ്രഹിക്കുന്നുവെന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു. ഇറാൻ-അമേരിക്ക യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഉക്രെയ്ന്റെ ഈ ഇടപെടൽ അതീവ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.

Share Email
LATEST excelnclexrn
More Articles
Top