കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന് അനുകൂലമായി മറുപടിക്കത്ത് നൽകിയ സംഭവത്തിൽ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയ്ക്കെതിരെ നടപടി. സംഭവത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഡോ. ചിത്രയെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിലാകുന്ന ആദ്യ കെഎഎസ് (KAS) ഉദ്യോഗസ്ഥ എന്ന നാണക്കേടും ഇതോടെ ഇവർക്ക് നേരിടേണ്ടി വന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെയും വകുപ്പ് സെക്രട്ടറിയുടെയും കടുത്ത എതിർപ്പ് മറികടന്നാണ് അണ്ടർ സെക്രട്ടറി അനുകൂല കത്ത് നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സുഗതന്റെ അവധി അപേക്ഷ കൗൺസിലിൽ വോട്ടിനിട്ട് പാസാക്കിയാൽ കൗൺസിലർ സ്ഥാനം സുരക്ഷിതമായിരിക്കുമെന്ന നിയമോപദേശമാണ് ആഭ്യന്തര വകുപ്പ് കൈമാറിയ കത്തിലുണ്ടായിരുന്നത്. ജയിൽ സൂപ്രണ്ട് മുഖേന മേയർ വി.വി. രാജേഷിനാണ് സുഗതൻ അവധി അപേക്ഷ നൽകിയിരുന്നത്.
ഈ കത്തിന്റെ പിൻബലത്തിൽ കൗൺസിൽ യോഗത്തിൽ വോട്ടെടുപ്പ് നടത്തി ആറു മാസത്തേക്ക് അവധി അനുവദിച്ചുകൊണ്ട് ബിജെപി ഭരണസമിതി സുഗതനെ അയോഗ്യതയിൽ നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു. സുഗതന് അവധിക്ക് വഴിയൊരുക്കിയ മറുപടിക്കത്ത് സർക്കാരിനെ പ്രതിരോധത്തിലാക്കിയതോടെയാണ് അണ്ടർ സെക്രട്ടറിക്കെതിരെ വകുപ്പുതല അന്വേഷണവും തുടർന്ന് സസ്പെൻഷൻ നടപടിയുമുണ്ടായത്.

















