വാഷിംഗ്ടൺ: അമേരിക്കൻ ഉപഭോക്താക്കൾക്കായി ചില്ലറ വിൽപ്പന രംഗത്തെ ഇന്ധനവില അടിയന്തരമായി കുറയ്ക്കണമെന്ന് എണ്ണ ഉൽപ്പാദന കമ്പനികളോട് വീണ്ടും ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എണ്ണമേഖലയെ സഹായിക്കാൻ തന്റെ ഭരണകൂടം ചെയ്ത പ്രവർത്തനങ്ങളെയും പിന്തുണയെയും ഓർക്കാത്തതിന് പ്രമുഖ ഊർജ്ജ കമ്പനിയായ ‘ഷെവ്‌റോണിന്റെ’ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മൈക്ക് വർത്തിനെ ട്രംപ് രൂക്ഷമായി വിമർശിച്ചു.
ടെലിവിഷൻ അഭിമുഖത്തിൽ കമ്പനിയുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ച പ്രമുഖ വ്യവസായി മൈക്ക് വർത്തിന് മറുപടിയായി ‘ട്രൂത്ത് സോഷ്യലിൽ’ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ട്രംപിന്റെ വിമർശനം.
“ട്രംപ് ഭരണകൂടത്തിന്റെ മിടുക്കും ദീർഘവീക്ഷണവും ശക്തിയും സുസ്ഥിരതയും ഇല്ലായിരുന്നെങ്കിൽ രാജ്യവും എണ്ണ വ്യവസായവും പാടെ തകരുമായിരുന്നു എന്ന കാര്യം മാത്രമാണ് അദ്ദേഹം സൗകര്യപൂർവ്വം മറന്നത്. എണ്ണക്കമ്പനികൾ ഉടൻ തന്നെ ചില്ലറ വിപണിയിലെ ഇന്ധനവില കുറയ്ക്കണം!” – ട്രംപ് കുറിച്ചു. വെനസ്വേല പോലുള്ള രാജ്യങ്ങളിൽ ഷെവ്‌റോണിന് തിരിച്ചെത്താനും വൻ ലാഭം കൊയ്യാനും വഴിമരുന്ന് ഇട്ടത് തന്റെ നയങ്ങളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ഇറാനെതിരെ അടിയന്തര സൈനിക ആക്രമണങ്ങൾ നടത്താതെ നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ട്രംപ് താല്പര്യം കാണിച്ചതോടെ തിങ്കളാഴ്ച ആഗോള വിപണിയിൽ എണ്ണവിലയിൽ 5 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. എന്നാൽ അമേരിക്കയുമായി യാതൊരുവിധ നേരിട്ടുള്ള ചർച്ചകളും നടക്കുന്നില്ലെന്നും നിലവിൽ അത്തരം കൂടിക്കാഴ്ചകൾ ഒന്നും തീരുമാനിച്ചിട്ടില്ലെന്നുമാണ് ടെഹ്‌റാന്റെ നിലപാട്.

















