ടെക്സസ്: ടെക്സസിലെ ഓസ്റ്റിനിൽ വെച്ച് വെെനസ്വേലൻ ഡെെലിവറി ഡ്രൈവർക്ക് നേരെ വെടിയുതിർത്ത ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ സംഭവസമയത്ത് ബോഡി ക്യാമറ ധരിച്ചിരുന്നില്ലെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സിബിഎസ് ന്യൂസിനോട് വ്യക്തമാക്കി. ഡോർഡാഷിൽ ജോലി ചെയ്തുവരികയായിരുന്ന 28 കാരനായ വുൾബെർ റഫേൽ ഗാർസെസ് പെരസ് എന്ന വെെനസ്വേലൻ പൗരനാണ് ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ വെടിവെയ്പ്പിൽ പരിക്കേറ്റത്. ഫെഡറൽ ഉദ്യോഗസ്ഥരുടെ കണക്കുപ്രകാരം ഇയാൾക്കെതിരെ നാടുകടത്തൽ ഉത്തരവ് നിലവിലുണ്ടായിരുന്നു.
വെടിയുതിർത്ത ഉദ്യോഗസ്ഥൻ കഴിഞ്ഞ വർഷമാണ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനിൽ നിന്ന് ഐസിഇയിലേക്ക് മാറിയതെന്ന് നിയമപാലക വൃത്തങ്ങൾ അറിയിച്ചു. പ്രസിഡന്റ് ട്രംപിന്റെ അനധികൃത കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായുള്ള ഫെഡറൽ ഏജന്റുമാരുടെ പരിശോധനയ്ക്കിടെയാണ് ഈ വെടിവെയ്പ്പ് ഉണ്ടായത്. ഇത് ടെക്സസിൽ വലിയ പ്രതിഷേധങ്ങൾക്കും സ്വതന്ത്രമായ അന്വേഷണത്തിനായുള്ള ആവശ്യങ്ങൾക്കും കാരണമായിട്ടുണ്ട്.
സംഭവസ്ഥലത്ത് പിന്നീട് എത്തിയ ഓസ്റ്റിൻ പോലീസിന്റെ ഡാഷ് ക്യാമറ, ബോഡി ക്യാമറ ദൃശ്യങ്ങൾ ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നെങ്കിലും വെടിവെയ്പ്പിന് കാരണമായ മുൻകാല സംഭവങ്ങൾ അവയിലൊന്നും വ്യക്തമല്ല. വെടിവെയ്പ്പിൽ തദ്ദേശീയരായ പോലീസുകാർക്ക് പങ്കില്ലെന്ന് ഓസ്റ്റിൻ പോലീസ് ചീഫ് ലിസ ഡേവിസും മേയർ കിർക് വാട്സണും വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വ്യക്തത വരുത്തുന്നതിനായി ലഭ്യമായ മുഴുവൻ ദൃശ്യങ്ങളും പരസ്യപ്പെടുത്തണമെന്നാണ് ഗാർസെസ് പെരസിന്റെ അഭിഭാഷക ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ വെടിവെയ്പ്പ് നടത്തിയ ഐസിഇ ഉദ്യോഗസ്ഥൻ ബോഡി ക്യാമറ ധരിച്ചിരുന്നില്ലെന്ന വിവരം ഈ സംഭവത്തിലെ ആശങ്കകൾ കൂടുതൽ വർദ്ധിപ്പിച്ചിട്ടുണ്ട്.
















