സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി പ്രഖ്യാപിച്ചു. ഇതിനൊപ്പം രണ്ട് ജില്ലകളിൽ ഭാഗിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി നൽകിയത്. കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (പ്രൊഫഷണൽ കോളേജുകൾ ഒഴികെ) വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റം വരുത്തി. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 12 ജില്ലകളിൽ അതിശക്ത മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതിനിടെ മഴക്കെടുതി രൂക്ഷമായതോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ ദുരന്തമേഖലകൾ സന്ദർശിക്കും. പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ഉച്ചയ്ക്ക് 12 മണിയോടെ എത്തുന്ന അദ്ദേഹം ആറന്മുള, റാന്നി മേഖലകൾ സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. മഴക്കെടുതിയിൽപ്പെട്ടവർക്കുള്ള അടിയന്തര ആശ്വാസ സഹായങ്ങൾ മറ്റന്നാൾ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

















