വാഷിംഗ്ടൺ: അമേരിക്കയുമായി ചർച്ചകളൊന്നും നടക്കുന്നില്ലെന്നും ഒമാനുമായി മാത്രമാണ് ആശയവിനിമയമെന്നുമുള്ള ഇറാന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ നയതന്ത്ര സമീപനം വഞ്ചനാപരമാണെന്ന് അദ്ദേഹം തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയുള്ള കുറിപ്പിൽ ആരോപിച്ചു.
അമേരിക്കയുമായി കൂടിക്കാഴ്ച നടത്താൻ ഇറാൻ തന്നെ സമീപിച്ചെന്നും ചർച്ചകൾ ആരംഭിക്കുകയും തുടർകൂടിക്കാഴ്ചകൾ നിശ്ചയിക്കുകയും ചെയ്ത ശേഷമാണ് പൊതുവേദിയിൽ അമേരിക്കയുമായി ചർച്ചകളില്ലെന്നും ഒമാനുമായാണ് സംസാരിക്കുന്നതെന്നുമുള്ള അവകാശവാദം ഉയർത്തുന്നതെന്ന് ട്രംപ് വിമർശിച്ചു.
ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് ആധിപത്യമുണ്ടെന്ന ഇറാന്റെ അവകാശവാദവും ട്രംപ് തള്ളി. അമേരിക്കൻ നാവികസേനയുടെ ശക്തമായ സാന്നിധ്യവും സുരക്ഷാ വിന്യാസവും കാരണം ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം നിലവിൽ അമേരിക്കയുടെ കൈകളിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇറാനിലേക്ക് ഉപരോധത്തിൽ ഇളവ് നൽകുക സമഗ്രമായ ഒരു കരാറിലെത്തുകയോ അല്ലെങ്കിൽ ഇറാൻ പൂർണമായി കീഴടങ്ങുകയോ ചെയ്താൽ മാത്രമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ അനുമതിയില്ലാതെ ഇറാനിലേക്ക് ഒന്നും എത്തില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പതിറ്റാണ്ടുകളായി ഇറാൻ സൃഷ്ടിച്ച പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും, ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും ട്രംപ് ആവർത്തിച്ചു. അമേരിക്കൻ സമ്മർദവും മേഖലയിൽ വർധിച്ചുവരുന്ന സംഘർഷാവസ്ഥയും കണക്കിലെടുത്ത് ഒമാൻ മധ്യസ്ഥശ്രമങ്ങൾ തുടരുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രതികരണം.

















