ഡല്‍ഹി: ബംഗ്ലാദേശിലേക്ക് മടങ്ങിവരുന്നതിനുള്ള തീയതി പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഡിസംബര്‍ 16ന് രാജ്യത്തേക്ക് തിരിച്ചെത്താനാണ് പദ്ധതിയെന്നും ഡല്‍ഹിയില്‍നിന്ന് ബംഗ്ലാദേശിന്റെ ദേശീയ വിമാനക്കമ്പനിയായ ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നാടുവിട്ടതിനുശേഷം ആദ്യമായാണ് മടങ്ങിവരവിന് കൃത്യമായ തീയതി അവര്‍ പ്രഖ്യാപിക്കുന്നത്.
1971ല്‍ പാകിസ്താനില്‍നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിന്റെ ഓര്‍മയ്ക്കായി ആചരിക്കുന്ന വിജയദിനമാണ് ഡിസംബര്‍ 16. ഈ ദിവസം തന്നെ ധാക്കയിലേക്ക് മടങ്ങാനാണ് ഹസീനയുടെ തീരുമാനമെന്ന് അവരുടെ വക്താവ് സയ്യിദ് മൊസമ്മല്‍ അലി ചൊവ്വാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് 2024 ഓഗസ്റ്റ് അഞ്ചിനാണ് ഹസീന രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം തേടിയത്. ഇതോടെ 15 വര്‍ഷം നീണ്ട അവരുടെ ഭരണത്തിനും അവസാനമായിരുന്നു.
ഇന്ത്യയിലേക്ക് പലായനം ചെയ്തപ്പോള്‍ ബംഗ്ലാദേശിന്റെ ഔദ്യോഗിക വിമാനത്തിലാണ് താന്‍ യാത്ര ചെയ്തതെന്നും അതിനാല്‍ മടക്കയാത്രയ്ക്കും സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്നും ഹസീന ആവശ്യപ്പെട്ടതായി വക്താവ് വ്യക്തമാക്കി. ഭരണഘടനയ്ക്ക് വിരുദ്ധമായ സാഹചര്യമുണ്ടായപ്പോഴാണ് രാജ്യത്തിന് പുറത്തേക്ക് പോകേണ്ടിവന്നതെന്നും അതിനാല്‍ വിജയദിനത്തില്‍ തിരിച്ചെത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നുമാണ് ഹസീനയുടെ നിലപാട്.
അതേസമയം, ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി പുതിയ പാസ്പോര്‍ട്ടിനും ദേശീയ തിരിച്ചറിയല്‍ കാര്‍ഡിനും (എന്‍ഐഡി) ഹസീന അപേക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 2024 ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് പോയതിനുപിന്നാലെ അവരുടെ നിലവിലുള്ള യാത്രാരേഖകളും തിരിച്ചറിയല്‍ രേഖകളും റദ്ദാക്കിയിരുന്നു. പുതിയ രേഖകള്‍ ലഭ്യമാക്കുന്നത് മടക്കയാത്ര സുഗമമാക്കുന്നതിനുള്ള പ്രധാന നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
ഹസീനയുടെ മടങ്ങിവരവ് പ്രഖ്യാപനം ബംഗ്ലാദേശിലെ രാഷ്ട്രീയ-നിയമ സാഹചര്യങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. അവര്‍ക്കെതിരായ വധശിക്ഷാ വിധിയും ഇന്ത്യയില്‍നിന്ന് കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡിസംബര്‍ 16ന് തിരിച്ചെത്താനുള്ള നീക്കം. എന്നാല്‍ ഹസീനയുടെ മടക്കയാത്ര സംബന്ധിച്ച ആവശ്യത്തില്‍ ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
Sheikh Hasina announces she will return to Bangladesh on December 16.
















