ജെന്‍സന്‍ ഹുവാങിന് എന്‍വിഡിയ ആസ്ഥാനത്ത് ഗംഭീര വരവേല്‍പ്പ്

ജെന്‍സന്‍ ഹുവാങിന് എന്‍വിഡിയ ആസ്ഥാനത്ത് ഗംഭീര വരവേല്‍പ്പ്

വാഷിംഗടണ്‍: ചൈനീസ് വനിതയുമായുള്ള ബന്ധത്തിന്റെ പേരില്‍ സിഇഒ സ്ഥാനം നഷ്ടമായ ജെന്‍സന്‍ ഹുവാങിന് ആഴ്്ചകള്‍ക്ക് ശേഷം പദവി തിരിച്ചുകിട്ടിയതോടെ കമ്പനിയുടെ ആസ്ഥാനത്ത് ജീവനക്കാരുടെ ആവേശകരമായ വരവേല്‍പ്പ്. രാജിവെച്ച് 11 ദിവസത്തിനുശേഷമാണ് 63കാരനായ ഹുവാങ് വീണ്ടും സിഇഒ സ്ഥാനത്ത് എത്തുന്നത്. കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലുള്ള കമ്പനിയുടെ ആസ്ഥാനത്ത് തിങ്കളാഴ്ച തിരിച്ചെത്തിയ അദ്ദേഹത്തെ ജീവനക്കാര്‍ കൈയടികളോടെയും ആര്‍പ്പുവിളികളോടെയും സ്വീകരിച്ചു. ‘ജെന്‍സന്‍, ജെന്‍സന്‍’ എന്ന മുദ്രാവാക്യങ്ങളുമായി ജീവനക്കാര്‍ അദ്ദേഹത്തിന് ആവേശകരമായ സ്വീകരണമാണ് നല്‍കിയത്.

എന്‍വിഡിയ റിസര്‍ച്ച് വൈസ് പ്രസിഡന്റ് മിങ്-യു ലിയു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ ജീവനക്കാരോടുള്ള ഹുവാങിന്റെ പ്രതികരണവും കാണാം. രണ്ടാമതൊരു അവസരം നല്‍കിയതിന് എല്ലാവര്‍ക്കും നന്ദി അറിയിച്ച അദ്ദേഹം ഇത്തവണ കൂടുതല്‍ മികച്ച സിഇഒയാകാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. ജീവനക്കാര്‍ക്കിടയില്‍നിന്ന് ജെന്‍സന്‍, നിങ്ങളെ സ്‌നേഹിക്കുന്നുഎന്ന പ്രതികരണവും ഉയര്‍ന്നു. എന്‍വിഡിയ എഐയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടും അദ്ദേഹം തിരിച്ചെത്തി എന്ന കുറിപ്പോടെ ഹുവാങിനെ സ്വാഗതം ചെയ്തു.

കഴിഞ്ഞ ആഴ്ചവരെ ഹുവാങിനെ വീണ്ടും സിഇഒ സ്ഥാനത്ത് നിയമിക്കില്ലെന്ന നിലപാടിലായിരുന്നു എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡ്. എന്നാല്‍ ഓഹരി ഉടമകളുടെയും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും സമ്മര്‍ദത്തെത്തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹത്തെ തിരിച്ചെടുക്കുന്നതായി കമ്പനി പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ എന്‍വിഡിയ ഓഹരികള്‍ 32 ശതമാനം വരെ ഉയര്‍ന്നു. ബോര്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷമാണ് ഹുവാങിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഏകകണ്ഠമായി അംഗീകരിച്ചതെന്ന് കമ്പനി അറിയിച്ചു. അദ്ദേഹത്തിന്റെ തുറന്ന സമീപനത്തിലും നേതൃത്വശേഷിയിലും വിശ്വാസമുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.

ചൈനീസ് വ്യവസായിയായ ആലിസ് ഹുവാങുമായുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് ജെന്‍സന്‍ ഹുവാങിന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സിംഗപ്പൂര്‍ ആസ്ഥാനമായ ക്ലൗഡ് കമ്പ്യൂട്ടിങ് കമ്പനിയായ മെഗാസ്പീഡിന്റെ ഡയറക്ടറായിരുന്നു ആലിസ് ഹുവാങ്. ഇതിന് പിന്നാലെ എന്‍വിഡിയയിലെ രണ്ട് വനിതാ ജീവനക്കാരുമായും ഹുവാങിന് ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതോടെ 63കാരനായ സിഇഒയിലുള്ള വിശ്വാസം ഡയറക്ടര്‍ ബോര്‍ഡിന് നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. കൂടാതെ, ചൈനയുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ ആശങ്കകളും വിവാദത്തിന് ആക്കം കൂട്ടി.

ഹുവാങ് രാജിവച്ചതിനെത്തുടര്‍ന്ന് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ കോലെറ്റ് ക്രെസിനായിരുന്നു ഇടക്കാല ചുമതല. സ്ഥിരം പിന്‍ഗാമിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ബോര്‍ഡ് ആരംഭിച്ചിരുന്നു. പരിഗണനയിലുണ്ടായിരുന്നവരില്‍ ചിപ്പ് ഡിസൈന്‍ കമ്പനിയായ ആമിന്റെ സിഇഒ റെനെ ഹാസും ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് ഹാസിന്റെ കരാര്‍ 2033 വരെ നീട്ടിയതായി ആം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ രണ്ട് മണിക്കൂറിനുള്ളില്‍ ഹുവാങിന്റെ തിരിച്ചുവരവ് എന്‍വിഡിയ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

Grand welcome for Jensen Huang at Nvidia headquarters

Share Email
LATEST excelnclexrn
More Articles
Top