ചർച്ചകൾ നടക്കുന്ന അതേ ദിനം, ട്രംപിന് മറുപടിയുമായി അയത്തുള്ള അലി ഖമേനി;’ലോകത്തിലെ ഏറ്റവും കരുത്തുള്ള സൈന്യത്തിനും കനത്ത പ്രഹരമേൽക്കാം’

ചർച്ചകൾ നടക്കുന്ന അതേ ദിനം, ട്രംപിന് മറുപടിയുമായി അയത്തുള്ള അലി ഖമേനി;’ലോകത്തിലെ ഏറ്റവും കരുത്തുള്ള സൈന്യത്തിനും കനത്ത പ്രഹരമേൽക്കാം’

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾക്കും പശ്ചിമേഷ്യയിലെ യുഎസ് സൈനിക വിന്യാസത്തിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമെന്ന് അവകാശപ്പെടുന്നവർക്കും എഴുന്നേൽക്കാൻ കഴിയാത്തവിധം ശക്തമായ പ്രഹരമേൽക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇസ്ലാമിക് റിപ്പബ്ലിക്കിനെ തകർക്കാൻ ട്രംപിന് കഴിയില്ലെന്നും ചൊവ്വാഴ്ച ടെഹ്‌റാനിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യയിലേക്ക് അമേരിക്ക അയച്ച വിമാനവാഹിനിക്കപ്പലുകളെ കടലിന്റെ അടിത്തട്ടിലെത്തിക്കാൻ ശേഷിയുള്ള ആയുധങ്ങൾ ഇറാന്റെ പക്കലുണ്ടെന്ന് ഖമേനി അവകാശപ്പെട്ടു. “അവർ നിരന്തരം വിമാനവാഹിനിക്കപ്പലുകളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. അത് അപകടകാരിയായ യുദ്ധോപകരണമാണെന്നതിൽ തർക്കമില്ല. എന്നാൽ അതിനേക്കാൾ അപകടകാരി ആ കപ്പലുകളെ കടലിന്റെ ആഴങ്ങളിലേക്ക് താഴ്ത്താൻ ശേഷിയുള്ള ആയുധങ്ങളാണ്,” അദ്ദേഹം പറഞ്ഞു. ചർച്ചകളിൽ ഇറാനെ സമ്മർദ്ദത്തിലാക്കാൻ ഭീഷണികൾ വിലപ്പോവില്ലെന്ന സൂചനയാണ് ഇതിലൂടെ ഖമേനി നൽകുന്നത്.

ജനീവയിൽ ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയുമായി പരോക്ഷ ചർച്ചകൾ ആരംഭിച്ച അതേ ദിവസം തന്നെയാണ് ഖമേനിയുടെ ഈ പ്രസ്താവന പുറത്തുവന്നത്. കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ചർച്ചകളെ ഭീഷണിപ്പെടുത്താനുള്ള തന്ത്രമായി ഉപയോഗിക്കുന്നത് അംഗീകരിക്കില്ലെന്നും, അമേരിക്ക ആക്രമിക്കാൻ മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ ആവർത്തിച്ചു വ്യക്തമാക്കി.

Share Email
Top