ജറുസലേം: ഇറാന്റെ മിസൈല്‍ ശേഷി പരിധി വിട്ടാല്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍.ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി സുരക്ഷാ പരിധി മറികടന്നാല്‍ തങ്ങള്‍ സൈനിക നടപടി സ്വീകരിക്കുമെന്നു ഇസ്രയേല്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ വര്‍ദ്ധിച്ചുവരുന്ന മിസൈല്‍ ശേഷി തങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും അത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇസ്രായേല്‍ ഉന്നത ഉദ്യോഗസ്ഥര്‍ അമേരിക്കയെ അറിയിച്ചതായി ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും വിക്ഷേപണ തറകളും തകര്‍ക്കുന്നതിനുള്ള പദ്ധതികള്‍ കഴിഞ്ഞ ആഴ്ചകളില്‍ നടന്ന നയതന്ത്ര-സൈനിക ചര്‍ച്ചകളില്‍ ഇസ്രായേല്‍ പങ്കുവെച്ചിട്ടുണ്ട്.
മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങള്‍, സംഭരണശാലകള്‍ എന്നിവ ലക്ഷ്യമിട്ടുള്ള കൃത്യമായ ആക്രമണ പദ്ധതികളാണ് ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
ഇറാന്‍ നിലവില്‍ ഈ പരിധി ലംഘിച്ചിട്ടില്ലെങ്കിലും അവര്‍ കടുത്ത നിരീക്ഷണത്തിലാണെന്നും ഇസ്രായേല്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന തന്ത്രപ്രധാനമായ ആയുധശേഖരം പുനര്‍നിര്‍മിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന് മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൈനിക നടപടിയുടെ കാര്യത്തില്‍ ഇസ്രായേലിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ പരിമിതമായ സൈനിക നടപടികള്‍ മാത്രമായിരിക്കും അമേരിക്ക ഇറാനെതിരെ സ്വീകരിക്കുക എന്ന ആശങ്ക ചില ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ ആഴ്ച വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുന്നതും ഏറെ നിര്‍ണായകമാണ്്.
Israel warns of retaliation if Iran’s missile capabilities exceed limits











