തുളസി ഗബ്ബാർഡിനെതിരെ വിസിൽബ്ലോവർ പരാതി; ഇറാൻ നയങ്ങളും ജാരെഡ് കുഷ്നറുടെ പേരും ഉൾപ്പെട്ടു, നിർണായക റിപ്പോർട്ട്

തുളസി ഗബ്ബാർഡിനെതിരെ വിസിൽബ്ലോവർ പരാതി; ഇറാൻ നയങ്ങളും ജാരെഡ് കുഷ്നറുടെ പേരും ഉൾപ്പെട്ടു, നിർണായക റിപ്പോർട്ട്

വാഷിംഗ്ടൺ: അമേരിക്കൻ ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് തുളസി ഗബ്ബാർഡ് നിർണ്ണായകമായ രഹസ്യാന്വേഷണ വിവരങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ച് സമർപ്പിക്കപ്പെട്ട വിസിൽബ്ലോവർ പരാതിയിൽ ജാരെഡ് കുഷ്നറുടെ പേരും ഉൾപ്പെട്ടതായി റിപ്പോർട്ട്. നാഷണൽ സെക്യൂരിറ്റി ഏജൻസി ചോർത്തിയ വിദേശ പൗരന്മാരുടെ സംഭാഷണത്തിൽ കുഷ്നറെക്കുറിച്ച് പരാമർശമുണ്ടായതാണ് ഈ വിവാദങ്ങൾക്ക് ആധാരമെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം രണ്ട് വിദേശ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ഫോൺ സംഭാഷണം എൻഎസ്എ ചോർത്തിയിരുന്നു.

ഇതിൽ ഇറാൻ നയങ്ങളിലും ഗാസയുടെ പുനർനിർമ്മാണത്തിലും ജാരെഡ് കുഷ്നർക്കുള്ള നിർണ്ണായക സ്വാധീനത്തെക്കുറിച്ച് പരാമർശമുണ്ട്. ട്രംപ് ഭരണകൂടത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് കുഷ്നറാണെന്ന് ഈ സംഭാഷണത്തിൽ അവകാശപ്പെടുന്നു. ഈ ചോർത്തിയ വിവരങ്ങൾ സാധാരണ രീതിയിൽ മറ്റ് ഏജൻസികൾക്ക് കൈമാറുന്നതിന് പകരം തുളസി ഗബ്ബാർഡ് അത് തടഞ്ഞുവെച്ചുവെന്നാണ് വിസിൽബ്ലോവർ ആരോപിക്കുന്നത്.

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗബ്ബാർഡ് ഈ റിപ്പോർട്ട് പുറത്തുവിടുന്നത് വിലക്കിയതെന്നും, ഇത് ട്രംപിന്റെ അടുത്ത സഹായിയെ സംരക്ഷിക്കാനാണെന്നും പരാതിയിൽ പറയുന്നു. എന്നാൽ കുഷ്നറെക്കുറിച്ചുള്ള ഈ സംഭാഷണങ്ങൾ വെറും ‘ഗോസിപ്പ്’ മാത്രമാണെന്നും അതിൽ പറയുന്ന കാര്യങ്ങൾക്ക് തെളിവുകളില്ലെന്നും ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ പ്രതികരിച്ചു. വിവരങ്ങൾ തെറ്റായതിനാലാണ് അത് റിപ്പോർട്ട് ചെയ്യാതിരുന്നതെന്നാണ് ഗബ്ബാർഡിന്റെ ഓഫീസിന്റെ വിശദീകരണം.

ജാരെഡ് കുഷ്നർ ഒരു സ്വകാര്യ വ്യക്തിയായിരിക്കെ തന്നെ മിഡിൽ ഈസ്റ്റ് നയങ്ങളിൽ ഇത്രയേറെ ഇടപെടുന്നത് നിയമപരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കൂടാതെ, രഹസ്യാന്വേഷണ വിവരങ്ങൾ രാഷ്ട്രീയ താല്പര്യങ്ങൾക്കായി ഉന്നത ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്നു എന്ന വിസിൽബ്ലോവർ ആരോപണം അമേരിക്കൻ കോൺഗ്രസിലും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

Share Email
LATEST
More Articles
Top