ട്രംപ് ഭരണകൂടത്തിന് തിരിച്ചടി! ഹഡ്‌സൺ ടണൽ പദ്ധതി തടയരുത്, 16 ബില്യൺ ഡോളർ വിട്ടുകൊടുക്കാൻ നിർണായക ഉത്തരവ്

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി! ഹഡ്‌സൺ ടണൽ പദ്ധതി തടയരുത്, 16 ബില്യൺ ഡോളർ വിട്ടുകൊടുക്കാൻ നിർണായക ഉത്തരവ്

ന്യൂയോർക്ക്: ന്യൂയോർക്കിനെയും ന്യൂജേഴ്‌സിയെയും ബന്ധിപ്പിക്കുന്ന അതിപ്രധാനമായ ഹഡ്‌സൺ റിവർ റെയിൽ തുരങ്ക പദ്ധതിയുടെ ഫണ്ട് മരവിപ്പിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടിക്ക് കോടതിയുടെ താത്കാലിക വിലക്ക്. പദ്ധതിക്കായി നീക്കിവെച്ച 16 ബില്യൺ ഡോളറിലധികം (ഏകദേശം 1.3 ലക്ഷം കോടി രൂപ) വരുന്ന ഫണ്ട് ഈ വ്യാഴാഴ്ചയ്ക്കകം വിട്ടുനൽകണമെന്നാണ് ഫെഡറൽ ജഡ്ജി ജീനെറ്റ് വർഗാസ് ഉത്തരവിട്ടത്. 2025 സെപ്റ്റംബറിൽ അധികാരമേറ്റതിന് പിന്നാലെ, സർക്കാർ പദ്ധതികളിലെ ‘വൈവിധ്യം, തുല്യത, ഉൾപ്പെടുത്തൽ’ നയങ്ങൾ പുനഃപരിശോധിക്കണമെന്ന് കാണിച്ച് ട്രംപ് ഭരണകൂടം ഈ പദ്ധതിയുടെ ഫണ്ട് അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചിരുന്നു.

എന്നാൽ, ഡെമോക്രാറ്റുകൾക്ക് സ്വാധീനമുള്ള ന്യൂയോർക്കിനെയും ന്യൂജേഴ്‌സിയെയും ശിക്ഷിക്കാനുള്ള രാഷ്ട്രീയ നീക്കമാണിതെന്നാണ് സംസ്ഥാന സർക്കാരുകളുടെ ആരോപണം. ന്യൂയോർക്കിലെ പെൻ സ്റ്റേഷനും വിർജീനിയയിലെ ഡുള്ളസ് വിമാനത്താവളവും തന്റെ പേരിൽ പുനർനാമകരണം ചെയ്താലേ ഫണ്ട് നൽകൂ എന്ന് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ഫണ്ട് ലഭിച്ചില്ലെങ്കിൽ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടമാകുമെന്നും നിർമ്മാണം പാതിവഴിയിൽ നിലയ്ക്കുന്നത് മേഖലയുടെ സാമ്പത്തിക രംഗത്തെയും ജനങ്ങളുടെ യാത്രയെയും സാരമായി ബാധിക്കുമെന്നും ജഡ്ജി നിരീക്ഷിച്ചു. ഭരണകൂടത്തിന്റെ അപ്പീൽ പരിഗണിക്കാൻ വ്യാഴാഴ്ച വൈകുന്നേരം 5 മണി വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്. അപ്പീൽ കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചില്ലെങ്കിൽ ട്രംപ് ഭരണകൂടത്തിന് ഫണ്ട് വിട്ടുനൽകേണ്ടി വരും. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് ഈ വിധിയെ ‘തൊഴിലാളികളുടെയും യാത്രക്കാരുടെയും വലിയ വിജയം’ എന്ന് വിശേഷിപ്പിച്ചു. നൂറ് വർഷത്തിലധികം പഴക്കമുള്ള നിലവിലെ തുരങ്കത്തിന് പകരമായി നിർമ്മിക്കുന്ന ഈ പുതിയ റെയിൽ പാത അമേരിക്കയിലെ തന്നെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഒന്നാണ്.

Share Email
LATEST
More Articles
Top