ന്യൂയോർക്ക്: ന്യൂയോർക്കിനെയും ന്യൂജേഴ്സിയെയും ബന്ധിപ്പിക്കുന്ന അതിപ്രധാനമായ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയായ ‘ഗേറ്റ്‌വേ പ്രോജക്ടിനായുള്ള’ 16 ബില്യൺ ഡോളർ (ഏകദേശം 1.3 ലക്ഷം കോടി രൂപ) മരവിപ്പിച്ച നടപടി കോടതി തടഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരാൻ അനുവദിക്കണമെന്ന് ഫെഡറൽ ജഡ്ജി ഷീനെറ്റ് വർഗാസ് ഉത്തരവിട്ടു. അതിപ്രധാനമായ ഈ അടിസ്ഥാന സൗകര്യ വികസന പദ്ധതി വൈകുന്നത് പൊതുജനങ്ങൾക്ക് വലിയ ദോഷമുണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു. പദ്ധതി വൈകുന്നത് നിർമ്മാണച്ചെലവ് വർദ്ധിപ്പിക്കാനും സുരക്ഷാ ഭീഷണികൾക്കും കാരണമാകുമെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
ഫണ്ട് തടഞ്ഞുവെക്കുന്നത് ന്യൂയോർക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങൾക്ക് ‘അപരിഹാര്യമായ ദോഷം’ ഉണ്ടാക്കുമെന്നും കോടതി വിലയിരുത്തി. ഹഡ്‌സൺ നദിക്ക് അടിയിലൂടെ പുതിയ റെയിൽ തുരങ്കം നിർമ്മിക്കുന്ന പദ്ധതിയാണിത്. നിലവിലുള്ള തുരങ്കങ്ങൾക്ക് നൂറിലധികം വർഷം പഴക്കമുള്ളതിനാൽ ഇത് അടിയന്തരമായി പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ അധികാരമേറ്റതിന് പിന്നാലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ പദ്ധതിയുടെ ഫണ്ട് തടഞ്ഞുവെച്ചിരുന്നു.
അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിൽ ഒന്നാണിത്.
പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന നോർത്ത് ഈസ്റ്റ് കോറിഡോർ റെയിൽ പാതയുടെ നട്ടെല്ലാണ് ഈ തുരങ്കങ്ങൾ. നിലവിലെ തുരങ്കങ്ങൾ തകരാറിലായാൽ അത് അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെ തന്നെ ഗുരുതരമായി ബാധിക്കും. ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും സാമ്പത്തികമായ ചില ക്രമക്കേടുകൾ ഉണ്ടെന്നുമാണ് ട്രംപ് ഭരണകൂടം കോടതിയിൽ വാദിച്ചത്. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ‘ടെമ്പററി റിസ്‌ട്രെയിനിംഗ് ഓർഡർ’ കോടതി പുറപ്പെടുവിച്ചത്.













