കാസർകോട് മഞ്ചേശ്വരം കുഞ്ചത്തൂർ കടമ്പാറിൽ മകളുടെ വെട്ടേറ്റ് പിതാവ് കൊല്ലപ്പെട്ടു. കടമ്പാർ സ്വദേശി വിറ്റല (60) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ വീട്ടിലുണ്ടായ തർക്കത്തെത്തുടർന്ന് മകൾ ജയന്തി വിറ്റലയെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിറ്റല സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കൃത്യത്തിന് ശേഷം പ്രതിയായ ജയന്തി മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വിറ്റലയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മംഗൽപ്പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ജയന്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂടുതൽ ചോദ്യം ചെയ്യലിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു. പരിസരവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തുവരികയാണ്.













