എപ്‌സ്റ്റീൻ ബന്ധത്തിൽ ബിൽ ഗേറ്റ്‌സ് മറുപടി പറയണം; വെളിപ്പെടുത്തലുകളിൽ നടുക്കം രേഖപ്പെടുത്തി മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സ്

എപ്‌സ്റ്റീൻ ബന്ധത്തിൽ ബിൽ ഗേറ്റ്‌സ് മറുപടി പറയണം; വെളിപ്പെടുത്തലുകളിൽ നടുക്കം രേഖപ്പെടുത്തി മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സ്

വാഷിംഗ്ടൺ: അന്തരിച്ച വിവാദ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീനും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ രേഖകൾ പുറത്തുവന്നതിൽ പ്രതികരണവുമായി മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സ് രംഗത്തെത്തി. കഴിഞ്ഞ ആഴ്ച അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട 30 ലക്ഷത്തിലധികം പേജുകളുള്ള എപ്‌സ്റ്റീൻ ഫയലുകൾ തന്നെ “വിശ്വസിക്കാനാവാത്ത സങ്കടം” കൊണ്ട് നിറച്ചുവെന്ന് അവർ വെളിപ്പെടുത്തി. എൻപിആർ പോഡ്‌കാസ്റ്റായ ‘വൈൽഡ് കാർഡിന്’ നൽകിയ അഭിമുഖത്തിലാണ് മെലിൻഡ തന്റെ നിലപാട് വ്യക്തമാക്കിയത്.

2021-ൽ ബിൽ ഗേറ്റ്‌സുമായുള്ള വിവാഹമോചനം പൂർത്തിയാക്കിയ മെലിൻഡ, ഇത്തരം വിവാദങ്ങളിൽ നിന്നും ചെളിക്കുണ്ടുകളിൽ നിന്നും അകന്നുനിൽക്കാൻ കഴിയുന്നതിൽ താൻ സന്തുഷ്ടയാണെന്ന് പറഞ്ഞു. എപ്‌സ്റ്റീനുമായുള്ള ഇടപാടുകളെക്കുറിച്ച് ഇനിയും ബാക്കിയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് തന്റെ മുൻഭർത്താവാണെന്നും താനല്ലെന്നും അവർ ഉറപ്പിച്ചു പറഞ്ഞു. “അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് പൂർണ്ണമായി അറിയില്ല. ആ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകേണ്ടത് ബിൽ ഗേറ്റ്‌സും അതുമായി ബന്ധപ്പെട്ട മറ്റുളളവരുമാണ്,” മെലിൻഡ വ്യക്തമാക്കി.

ബിൽ ഗേറ്റ്‌സും എപ്‌സ്റ്റീനും തമ്മിലുള്ള ദീർഘകാല ബന്ധം നേരത്തെ തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നതാണ്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവന്ന പുതിയ രേഖകൾ ഇവരുടെ ഇടപാടുകളെക്കുറിച്ച് കൂടുതൽ സംശയങ്ങൾ ഉയർത്തുന്നുണ്ട്. 2021-ലെ ഇവരുടെ വിവാഹമോചനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് എപ്‌സ്റ്റീനുമായുള്ള ബിൽ ഗേറ്റ്‌സിന്റെ സൗഹൃദമായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ മെലിൻഡയുടെ പുതിയ പ്രസ്താവന ബിൽ ഗേറ്റ്‌സിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മെലിൻഡയുടെ പൂർണ്ണരൂപത്തിലുള്ള അഭിമുഖം വ്യാഴാഴ്ച പുറത്തുവിടുമെന്ന് എൻ.പി.ആർ അറിയിച്ചു.

Share Email
LATEST
More Articles
Top