ന്യൂയോർക്ക്: വാഷിംഗ്ടൺ സ്ക്വയർ പാർക്കിൽ നടന്ന വൻ മഞ്ഞുയുദ്ധത്തിനിടെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ മഞ്ഞുകട്ടകളും ഐസും എറിഞ്ഞ സംഭവത്തിൽ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിലായി. 27 വയസ്സുകാരനായ ഗുസ്മാനെ കൂലിബാലിയെയാണ് ന്യൂയോർക്ക് സിറ്റി പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്. സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും ഉപദ്രവിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
മാൻഹട്ടൻ ക്രിമിനൽ കോടതിയിൽ ഹാജരാക്കിയ കൂലിബാലിയെ ഒലീവ് ഗ്രീൻ സ്വെറ്റ് സ്യൂട്ട് ധരിച്ച് വിലങ്ങുവെച്ച നിലയിലാണ് എത്തിച്ചത്. കോടതി നടപടികൾക്കിടെ അദ്ദേഹം സംസാരിച്ചില്ലെങ്കിലും നിരവധി പോലീസ് ഉദ്യോഗസ്ഥരും യൂണിയൻ ഭാരവാഹികളും വിചാരണ വീക്ഷിക്കാൻ നേരിട്ടെത്തിയിരുന്നു. പ്രാഥമിക വാദത്തിന് ശേഷം ഇയാളെ കോടതി വിട്ടയച്ചു. കേസ് വീണ്ടും ഏപ്രിൽ ഒൻപതിന് പരിഗണിക്കും.
അതേസമയം, കൂലിബാലിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോർജ്ജ് വോംവോലാക്കിസ് കോടതിയിൽ വാദിച്ചു. ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റും സിറ്റി ഹാളും തമ്മിലുള്ള തർക്കത്തിൽ തന്റെ കക്ഷി ബലിയാടാവുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വിനോദത്തിനായി തുടങ്ങിയ മഞ്ഞുയുദ്ധം പോലീസിനെതിരെയുള്ള ആക്രമണമായി മാറിയത് നഗരത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.













