കൂടുതൽ വിശദീകരണവുമായി ഒബാമ; ‘അന്യഗ്രഹജീവികൾ ഭൂമി സന്ദർശിച്ചതിനോ മനുഷ്യരുമായി ഇടപെട്ടതിനോ തെളിവുകളൊന്നും തന്റെ പക്കൽ ഇല്ല’

കൂടുതൽ വിശദീകരണവുമായി ഒബാമ; ‘അന്യഗ്രഹജീവികൾ ഭൂമി സന്ദർശിച്ചതിനോ മനുഷ്യരുമായി ഇടപെട്ടതിനോ തെളിവുകളൊന്നും തന്റെ പക്കൽ ഇല്ല’

വാഷിംഗ്ടൺ: അന്യഗ്രഹജീവികൾ ഭൂമി സന്ദർശിച്ചതിനോ മനുഷ്യരുമായി ഇടപെട്ടതിനോ തെളിവുകളൊന്നും തന്റെ അറിവിൽ ഇല്ലെന്ന് മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. അടുത്തിടെ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ നടത്തിയ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായതിനെ തുടർന്നാണ് അദ്ദേഹം കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയത്.

ചിലർ അന്യഗ്രഹജീവികളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന രീതിയിലാണ് ഒബാമ സംസാരിച്ചതെന്ന് തെറ്റിദ്ധരിച്ചിരുന്നു.
യുഎസ് പോഡ്കാസ്റ്റ് അവതാരകനായ ബ്രയാൻ ടൈലർ കോഹനുമായുള്ള അഭിമുഖത്തിലാണ് വിഷയം ഉയർന്നത്. മിനസോട്ടയിലെ ഇമിഗ്രേഷൻ നടപടികൾ പോലുള്ള ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്തതിനു ശേഷം, അവസാന ഭാഗത്ത് ‘അന്യഗ്രഹജീവികൾ യഥാർത്ഥമാണോ’ എന്ന ചോദ്യത്തിന്, “അവ യഥാർത്ഥമായിരിക്കാം, പക്ഷേ ഞാൻ അവയെ കണ്ടിട്ടില്ല” എന്നായിരുന്നു ഒബാമയുടെ പ്രതികരണം.

അമേരിക്കയിലെ രഹസ്യ സൈനിക കേന്ദ്രമായ ഏരിയ 51-ൽ അന്യഗ്രഹജീവികളെ സൂക്ഷിക്കുന്നുണ്ടെന്ന കാലങ്ങളായുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളെ ഒബാമ പരിഹസിച്ചു തള്ളി. അവിടെ ഭൂഗർഭ സൗകര്യങ്ങളൊന്നും ഇല്ലെന്നും, ഉണ്ടെങ്കിൽ പോലും അത് പ്രസിഡന്റിൽ നിന്ന് തന്നെ മറച്ചുവെച്ച വൻ ഗൂഢാലോചനയാകുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായ തെളിവുകളൊന്നും ഇല്ലാത്തതിനാൽ, ഈ വിഷയത്തിലുള്ള അനാവശ്യ ഭയങ്ങളും ഊഹാപോഹങ്ങളും ഒഴിവാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ഒബാമ വ്യക്തമാക്കി.

Share Email
LATEST
Top