സ്പേസ് എക്സിൽ ചൈനീസ് നിക്ഷേപമെന്ന് ആരോപണം; പെന്‍റഗൺ അന്വേഷിക്കണമെന്ന് ഡെമോക്രാറ്റിക് സെനറ്റർമാർ

സ്പേസ് എക്സിൽ ചൈനീസ് നിക്ഷേപമെന്ന് ആരോപണം; പെന്‍റഗൺ അന്വേഷിക്കണമെന്ന് ഡെമോക്രാറ്റിക് സെനറ്റർമാർ

വാഷിംഗ്ടൺ: ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണമെന്ന് അമേരിക്കൻ നീതിന്യായ വകുപ്പിനോടും പെന്‍റഗണിനോടും ഡെമോക്രാറ്റിക് സെനറ്റർമാർ ആവശ്യപ്പെട്ടു. ചൈനയുമായി ബന്ധമുള്ള നിക്ഷേപകർ രഹസ്യമായി കമ്പനിയുടെ ഓഹരികൾ വാങ്ങിക്കൂട്ടിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് ഈ നീക്കം. ചൈനയുമായി ബന്ധമുള്ള നിക്ഷേപകർ തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെക്കാൻ കേമാൻ ഐലൻഡ്‌സ്, ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സ് എന്നിവിടങ്ങളിലെ വ്യാജ കമ്പനികൾ വഴി സ്പേസ് എക്സിൽ പണം നിക്ഷേപിച്ചതായാണ് സെനറ്റർമാരായ എലിസബത്ത് വാറനും ആൻഡി കിമ്മും ആരോപിക്കുന്നത്.

അമേരിക്കയുടെ സൈനിക ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതും പെന്റഗണിന് ആശയവിനിമയ സേവനങ്ങൾ നൽകുന്നതും സ്പേസ് എക്സാണ്. ചൈനീസ് സാന്നിധ്യം ഇത്തരത്തിലുള്ള അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ചോരാൻ കാരണമാകുമെന്ന് സെനറ്റർമാർ മുന്നറിയിപ്പ് നൽകി. സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ശൃംഖല നിലവിൽ യുക്രൈൻ പ്രതിരോധത്തിന് വലിയ സഹായമാണ് നൽകുന്നത്. ഈ സാങ്കേതികവിദ്യയുടെ നിയന്ത്രണത്തിൽ ചൈനീസ് സ്വാധീനം ഉണ്ടാകുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

വിദേശ രാജ്യങ്ങളുടെ സ്വാധീന സംബന്ധിച്ച നിയമങ്ങൾ സ്പേസ് എക്സ് ലംഘിച്ചോ എന്ന് പരിശോധിക്കണമെന്ന് സെനറ്റർമാർ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഫെബ്രുവരി 20-നകം മറുപടി നൽകണമെന്നാണ് സെനറ്റർമാർ പെന്റഗണിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്പേസ് എക്സ് അടുത്തിടെ മസ്കിന്റെ തന്നെ എഐ കമ്പനിയായ എക്സ് എഐയുമായി ലയിച്ചിരുന്നു. ഈ ലയനത്തിലും വിദേശ നിക്ഷേപമുണ്ടോ എന്ന സംശയം ഇപ്പോൾ ശക്തമാണ്.

Share Email
LATEST
More Articles
Top