ഇറാനിൽ യുദ്ധഭീതി; പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് പോളണ്ട്, ഒഴിപ്പിക്കൽ അസാധ്യമായേക്കുമെന്ന് മുന്നറിയിപ്പ്; ലോക രാജ്യങ്ങൾ ആശങ്കയിൽ

ഇറാനിൽ യുദ്ധഭീതി; പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് പോളണ്ട്, ഒഴിപ്പിക്കൽ അസാധ്യമായേക്കുമെന്ന് മുന്നറിയിപ്പ്; ലോക രാജ്യങ്ങൾ ആശങ്കയിൽ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് നിർദ്ദേശിച്ചു. ഒരു കാരണവശാലും ആരും ഇപ്പോൾ ഇറാനിലേക്ക് യാത്ര പ്ലാൻ ചെയ്യരുതെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. മേഖലയിൽ ഏതുനിമിഷവും ഒരു സായുധ പോരാട്ടം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വാഴ്സോയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ടസ്ക് വ്യക്തമാക്കി.

വരും മണിക്കൂറുകളിലോ ദിവസങ്ങൾക്കുള്ളിലോ സ്ഥിതിഗതികൾ വഷളാകാൻ സാധ്യതയുണ്ടെന്നും അങ്ങനെയുണ്ടായാൽ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുക എന്നത് അസാധ്യമായി മാറുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒട്ടും വൈകാതെ തന്നെ ലഭ്യമായ മാർഗ്ഗങ്ങളിലൂടെ ഇറാൻ വിടണമെന്നാണ് ഔദ്യോഗിക നിർദ്ദേശം.

ഇറാനെതിരെ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന സൂചനകൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചതിന് പിന്നാലെയാണ് പോളണ്ടിന്റെ ഈ അടിയന്തര നീക്കം. വരാനിരിക്കുന്ന ശനിയാഴ്ചയോടെ തന്നെ യുഎസ് സൈനിക നീക്കങ്ങൾ ആരംഭിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ, ഇസ്രായേലും തങ്ങളുടെ സൈനിക സജ്ജീകരണം വർദ്ധിപ്പിച്ചിട്ടുണ്ട്. 2025 ജൂണിലെ ഇറാൻ-ഇസ്രായേൽ യുദ്ധത്തിന് ശേഷം മേഖലയിൽ വീണ്ടും ഒരു വൻ യുദ്ധത്തിനുള്ള സാഹചര്യം തെളിയുന്നത് ലോകരാജ്യങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Share Email
LATEST
More Articles
Top