വാഷിംഗ്ടണ്‍: യുഎസില്‍ എച്ച് വണ്‍ ബി വീസ പദ്ധതി പൂര്‍ണമായും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അമേരിക്കന്‍ പ്രതിനിധി സഭയില്‍ ബില്‍ അവതരിപ്പിച്ചു. ഫ്‌ളോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ഗ്രെഗ് സ്റ്റ്യൂബ് ആണ് സഭയില്‍ ഈ ബില്‍ അവതരിപ്പിച്ചത്.
എക്‌സൈല്‍ ആക്ട്(എക്സ്പ്ലോയിറ്റീവ് ഇംപോര്‍ട്ടഡ് ലേബര്‍ എക്സെംപ്ഷന്‍സ്) എന്ന പേരിട്ടിരിക്കുന്ന ഈ ബില്ല് എച്ച് വണ്‍ ബി വിസാ പ്രോഗ്രാം അവസാനിപ്പിക്കുന്നതിനായി ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്റ്റില്‍ ഭേദഗതി വരുത്തണമെന്നു നിര്‍ദേശിക്കുന്നു.
2019 മുതല്‍ ഫ്‌ലോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധിയാണ് സ്റ്റ്യൂബ്. എച്ച് വണ്‍ ബി വിസാ പ്രോഗ്രാം അമേരിക്കന്‍ തൊഴിലാളികളെ പ്രതികൂലമായി ബാധിച്ചതായാണ് ഇയാളുടെ നിലപാട്. അമേരിക്കയിലെ യുവാക്കള്‍ക്ക് തൊഴില്‍ വ്യാപകമായി നഷ്ടപ്പെടുന്നതായും അവര്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നതായും സ്റ്റ്യൂബ് കുറ്റപ്പെടുത്തുന്നു.
മുന്‍ യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ പ്രതിനിധിയായിരുന്ന മര്‍ജോറി ടെയ്ലര്‍ ഗ്രീനിയും എച്ച് വണ്‍ ബി വീസ പദ്ധതി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തു വന്നിരുന്നു. അദ്ദേഹം ‘എന്‍ഡ് എച്ച്-1ബി നൗ ആക്റ്റ്’ എന്ന പേരില്‍ ഒരു ബില്‍ നിര്‍ദ്ദേശിച്ചിരുന്നു. ബില്‍ നിയമമാകണമെങ്കില്‍ അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇരു സഭകളിലും പാസാവുകയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പു വെയ്ക്കുകയും വേണം. അതിലേക്ക് എത്താന്‍ ഏറെ കടമ്പകളുമുണ്ട്.
ഇതിനിടയില്‍ എച്ച് വണ്‍ ബി വീസയില്‍ യുഎസിലെത്തുന്നതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്ത്യയില്‍ നിന്നുമാണ്. ഈ വീസാ നിയമത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നതും ഇന്ത്യക്കാരെയാവും.
Republican Party member introduces bill calling for abolition of H-1B visa













