മോസ്കോ/ദുബായ്: കഴിഞ്ഞ വെള്ളിയാഴ്ച മോസ്കോയിൽ വെച്ച് റഷ്യൻ ജനറൽ വ്‌ളാഡിമിർ അലക്സീവിനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച പ്രതിയെ ദുബായിൽ നിന്ന് പിടികൂടി. ഇയാളെ റഷ്യയ്ക്ക് കൈമാറിയതായി ഫെഡറൽ സെക്യൂരിറ്റി സർവീസ് സ്ഥിരീകരിച്ചു. മോസ്കോയിലെ വോളോകോലംസ്കോയ് ഹൈവേയിലുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ വെച്ചാണ് അലക്സീവിന് വെടിയേറ്റത്. ഭക്ഷണ വിതരണക്കാരൻ എന്ന വ്യാജേന എത്തിയ അക്രമി ജനറലിന്റെ പുറത്തും നെഞ്ചിലുമായി ഒന്നിലധികം തവണ വെടിയുതിർത്തു. നിലവിൽ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് ശേഷം മോസ്കോയിലെ ആശുപത്രിയിൽ കോമയിൽ തുടരുകയാണ്.
60 വയസ്സിന് മുകളിൽ പ്രായമുള്ള ലിബോമിർ കോർബ എന്നയാളാണ് പിടിയിലായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇയാൾ യുക്രൈനിലെ ടെർണോപ്പിൽ സ്വദേശിയാണ്. യുക്രൈൻ സ്പെഷ്യൽ സർവീസസിന്റെ നിർദ്ദേശപ്രകാരം ഡിസംബറിലാണ് ഇയാൾ റഷ്യയിലെത്തിയതെന്ന് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി ആരോപിച്ചു.
വെടിവെപ്പിന് പിന്നാലെ പ്രതി മോസ്കോയിൽ നിന്ന് രക്ഷപ്പെട്ട് ദുബായിലേക്ക് കടന്നിരുന്നു. എന്നാൽ റഷ്യൻ ഏജൻസികളുടെ അഭ്യർത്ഥനപ്രകാരം ദുബായ് അധികൃതർ ഇയാളെ തടഞ്ഞുവെക്കുകയും പിന്നീട് റഷ്യൻ എഫ്.എസ്.ബി ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു. മറ്റൊരു സഹായിയെ മോസ്കോയിൽ നിന്നും പിടികൂടിയിട്ടുണ്ട്.
അബുദാബിയിൽ റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾ പുരോഗമിക്കവെ നടന്ന ഈ ആക്രമണം ചർച്ചകളെ അട്ടിമറിക്കാനുള്ള യുക്രൈന്റെ ശ്രമമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് കുറ്റപ്പെടുത്തി. എന്നാൽ ഇതിൽ തങ്ങൾക്ക് പങ്കില്ലെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. റഷ്യയുടെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ജി.ആർ.യുവിന്റെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളാണ് വ്‌ളാഡിമിർ അലക്സീവ്. സിറിയയിലെ സൈനിക നീക്കങ്ങളിലും യുക്രൈൻ അധിനിവേശത്തിന്റെ ആസൂത്രണത്തിലും അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബ്രിട്ടനിലെ സെലിസ്ബറിയിൽ നടന്ന നോവിചോക്ക് വിഷപ്രയോഗവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ പാശ്ചാത്യ രാജ്യങ്ങൾ മുൻപ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.











