ടെഹ്‌റാൻ: ഇറാന്‍റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സൈനിക നീക്കത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ച് സെർബിയയും സ്വീഡനും. മേഖലയിൽ സുരക്ഷാ സാഹചര്യം വഷളാകുന്ന സാഹചര്യത്തിൽ അടിയന്തര മുൻകരുതൽ എന്ന നിലയ്ക്കാണ് ഈ നിർദ്ദേശം. വെള്ളിയാഴ്ച രാത്രി വൈകി പുറത്തിറക്കിയ പ്രസ്താവനയിൽ, ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും നിലവിൽ അവിടെയുള്ളവർ എത്രയും വേഗം രാജ്യം വിടാനും സെർബിയൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ജനുവരി പകുതിയോടെ തന്നെ സമാനമായ ഒരു നിർദ്ദേശം സെർബിയ നൽകിയിരുന്നു. സ്വീഡിഷ് വിദേശകാര്യമന്ത്രി മരിയ മാൽമർ സ്റ്റെനർഗാർഡ് എക്സിലൂടെയാണ് പൗരന്മാരോട് ഇറാൻ വിടാൻ ശക്തമായ അഭ്യർത്ഥന നടത്തിയത്. വാണിജ്യ വിമാന സർവീസുകൾ ലഭ്യമായിരിക്കെത്തന്നെ മടങ്ങുന്നതാണ് ഉചിതമെന്ന് അവർ സൂചിപ്പിച്ചു. ഇറാന്‍റെ ആണവപദ്ധതിയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ‘പരിമിതമായ സൈനിക ആക്രമണം’ നടത്തുന്നത് പരിഗണനയിലാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മിഡിൽ ഈസ്റ്റിൽ ഇതിനകം തന്നെ യുഎസ് നാവികസേന വലിയ സന്നാഹങ്ങളോടെ നിലയുറപ്പിച്ചിട്ടുണ്ട്.
യുദ്ധഭീതി നിലനിൽക്കുമ്പോഴും, അമേരിക്കയുമായി ഒരാഴ്ചയ്ക്കുള്ളിൽ ഒരു കരാറിലെത്താൻ സാധിക്കുമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനായുള്ള പുതിയ നിർദ്ദേശങ്ങൾ ഇറാൻ തയ്യാറാക്കി വരികയാണ്. ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് സമാനമായ യാത്രാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ ഏത് നിമിഷവും ഒരു സൈനിക ഏറ്റുമുട്ടൽ ഉണ്ടായേക്കാമെന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.













