വാഷിംഗ്ടൺ: സ്വന്തം പാർട്ടിയിലെ ആറ് അംഗങ്ങൾ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ വോട്ട് ചെയ്തതോടെ, കാനഡയിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നികുതി പിൻവലിക്കാനുള്ള പ്രമേയം അമേരിക്കൻ ഹൗസ് ഓഫ് റിപ്രസന്റേറ്റീവ്സ് പാസാക്കി. 219-നെതിരെ 211 വോട്ടുകൾക്കാണ് പ്രമേയം അംഗീകരിക്കപ്പെട്ടത്. ട്രംപിന്റെ രണ്ടാം ഭരണകാലത്തെ പ്രധാന സാമ്പത്തിക നയങ്ങളിലൊന്നിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉണ്ടായ ഈ കലാപം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഫെന്റനൈൽ മരുന്നുകളുടെ കടത്ത് തടയുന്നതിൽ കാനഡ പരാജയപ്പെടുന്നുവെന്ന് ആരോപിച്ചാണ് ട്രംപ് കാനഡയ്‌ക്കെതിരെ ‘ദേശീയ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ച് അധിക നികുതി ഏർപ്പെടുത്തിയത്. എന്നാൽ ഈ നയം അമേരിക്കയിലെ ഉപഭോക്താക്കളുടെ ചെലവുകൾ വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയത്തെ ആറ് റിപ്പബ്ലിക്കൻ പ്രതിനിധികൾ പിന്തുണച്ചു.
ട്രംപിനെതിരെ വോട്ട് ചെയ്ത റിപ്പബ്ലിക്കൻ എംപിമാർ:
തോമസ് മാസ്സി (കെന്റക്കി)
ഡോൺ ബേക്കൺ (നെബ്രാസ്ക)
കെവിൻ കിലി (കാലിഫോർണിയ)
ജെഫ് ഹർഡ് (കൊളറാഡോ)
ബ്രയാൻ ഫിറ്റ്‌സ്‌പാട്രിക് (പെൻസിൽവാനിയ)
ഡാൻ ന്യൂഹൗസ് (വാഷിംഗ്ടൺ)
തന്റെ നയങ്ങളെ എതിർക്കുന്ന റിപ്പബ്ലിക്കൻമാർക്ക് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇവർക്കെതിരെ പുതിയ സ്ഥാനാർത്ഥികളെ നിർത്തുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ മുന്നറിയിപ്പ് നൽകി. “ടാരിഫുകൾ നമുക്ക് സാമ്പത്തികവും ദേശീയ സുരക്ഷയും ഉറപ്പാക്കുന്നു. അത് തകർക്കാൻ ശ്രമിക്കുന്ന ഒരു റിപ്പബ്ലിക്കനും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ പാടില്ല,” ട്രംപ് കുറിച്ചു.











