വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് ഏർപ്പെടുത്തിയ അധിക താരിഫുകൾ (നികുതികൾ) നിയമവിരുദ്ധമാണെന്ന് അമേരിക്കൻ സുപ്രീം കോടതി വിധിച്ചു. ട്രംപ് ഭരണകൂടത്തിന്റെ വിദേശനയത്തിലും സാമ്പത്തിക തന്ത്രങ്ങളിലും നിർണായകമായിരുന്ന ഈ നടപടിക്ക് കോടതിയുടെ തീരുമാനം വലിയ പ്രഹരമാണ് നൽകുന്നത്. അടിയന്തരാവസ്ഥയുടെ പേരിൽ ഇത്തരം വ്യാപകമായ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഫെഡറൽ നിയമങ്ങളെ ലംഘിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് എഴുതിയ ഭൂരിപക്ഷ വിധിയിൽ 6-3 വോട്ടുകൾക്കാണ് താരിഫുകൾ റദ്ദാക്കപ്പെട്ടത്. പ്രസിഡന്റ് ആശ്രയിച്ച അടിയന്തര അധികാരം ഇത്തരം വിപുലമായ സാമ്പത്തിക നടപടികൾക്ക് അനുവദനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടന പ്രകാരം ടാരിഫുകൾ ഏർപ്പെടുത്താനുള്ള അധികാരം കോൺഗ്രസിനാണെന്നും, പ്രസിഡന്റിന് അത് മറികടക്കാൻ അവകാശമില്ലെന്നും വിധിയിൽ പറയുന്നു. കഴിഞ്ഞ നവംബറിൽ വാദം കേട്ട കേസിലാണ് ഈ വിധി പുറത്തുവന്നത്. ഇത് ട്രംപ് ഭരണകൂടത്തിന്റെ ഭാവി സാമ്പത്തിക നയങ്ങളെയും തീരുമാനങ്ങളെയും ഗണ്യമായി ബാധിക്കാൻ സാധ്യതയുണ്ട്.













