കാലാവസ്ഥാ വ്യതിയാനത്തിന് ഇന്ധനക്കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം; കമ്പനികൾ നൽകിയ അപ്പീൽ സ്വീകരിച്ച് യുഎസ് സുപ്രീം കോടതി

കാലാവസ്ഥാ വ്യതിയാനത്തിന് ഇന്ധനക്കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം; കമ്പനികൾ നൽകിയ അപ്പീൽ സ്വീകരിച്ച് യുഎസ് സുപ്രീം കോടതി

വാഷിംഗ്ടൺ: ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഉത്തരവാദികളായ ഇന്ധനക്കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള കോളറാഡോയിലെ ബോൾഡർ നഗരത്തിന്റെ നീക്കത്തിനെതിരെ എണ്ണക്കമ്പനികൾ നൽകിയ അപ്പീൽ സ്വീകരിക്കാൻ യുഎസ് സുപ്രീം കോടതി തീരുമാനിച്ചു. തിങ്കളാഴ്ചയാണ് കോടതി ഈ നിർണ്ണായക തീരുമാനം എടുത്തത്. കാലാവസ്ഥാ വ്യതിയാനം മൂലം നഗരത്തിനുണ്ടായ നാശനഷ്ടങ്ങൾക്ക് (വെള്ളപ്പൊക്കം, കാട്ടുതീ തുടങ്ങിയവ) കാരണക്കാർ എണ്ണക്കമ്പനികളാണെന്നും അതിനാൽ ബില്യൺ കണക്കിന് ഡോളർ നഷ്ടപരിഹാരം നൽകണമെന്നുമാണ് ബോൾഡർ നഗരത്തിന്റെ വാദം.

എക്‌സൺ മൊബീൽ, സൺകോർ എനർജി എന്നിവരാണ് പ്രധാന പ്രതികൾ. ഒരു നഗരത്തിന് മാത്രം രാജ്യത്തിന്റെ മൊത്തം ഊർജ്ജ നയങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്ന് കമ്പനികൾ വാദിക്കുന്നു. ഇത്തരം കേസുകൾ ഫെഡറൽ നിയമമായ ‘ക്ലീൻ എയർ ആക്റ്റിന്റെ’ കീഴിലാണ് വരേണ്ടതെന്നും സംസ്ഥാന നിയമങ്ങൾ ഉപയോഗിച്ച് തങ്ങളെ ശിക്ഷിക്കാൻ കഴിയില്ലെന്നുമാണ് ഇവരുടെ നിലപാട്.

കഴിഞ്ഞ വർഷം കോളറാഡോ സുപ്രീം കോടതി കമ്പനികളുടെ വാദം തള്ളുകയും കേസ് മുന്നോട്ട് കൊണ്ടുപോകാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് കമ്പനികൾ സുപ്രീം കോടതിയെ സമീപിച്ചത്. അമേരിക്കയിലുടനീളം വിവിധ സംസ്ഥാനങ്ങളും പ്രാദേശിക സർക്കാരുകളും ഇന്ധനക്കമ്പനികൾക്കെതിരെ സമാനമായ ഡസൻ കണക്കിന് കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയുടെ ഈ വിധി മറ്റ് കേസുകളെയും ബാധിക്കും. ട്രംപ് ഭരണകൂടം ഈ കേസിൽ എണ്ണക്കമ്പനികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആഗോള ഉത്തരവാദിത്തം ഏതാനും കമ്പനികളിൽ മാത്രം അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നാണ് ട്രംപ് സർക്കാരിന്റെയും വാദം.

Share Email
LATEST
More Articles
Top