ലാസ് വേഗാസിലെ വീട്ടിൽ രഹസ്യ ബയോ ലാബ്, തിരിച്ചറിയപ്പെടാത്ത ദ്രാവകങ്ങൾ; നിർണ്ണായക തെളിവുകൾ കണ്ടെത്തി; പ്രതിക്ക് കാലിഫോർണിയൻ ലാബ് കേസുമായി ബന്ധം

ലാസ് വേഗാസിലെ വീട്ടിൽ രഹസ്യ ബയോ ലാബ്, തിരിച്ചറിയപ്പെടാത്ത ദ്രാവകങ്ങൾ; നിർണ്ണായക തെളിവുകൾ കണ്ടെത്തി; പ്രതിക്ക് കാലിഫോർണിയൻ ലാബ് കേസുമായി ബന്ധം

ലാസ് വേഗാസ്: ലാസ് വേഗാസിലെ ഒരു സാധാരണ വീടിനുള്ളിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന ബയോ ലാബ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. രഹസ്യവിവരത്തെത്തുടർന്ന് ശനിയാഴ്ച നഗരത്തിന്റെ കിഴക്കൻ മേഖലയിലുള്ള ഈ വീട്ടിൽ സ്വാറ്റ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് വീടിന്‍റെ പ്രോപ്പർട്ടി മാനേജറെ പോലീസ് കസ്റ്റഡിയിലെടുത്തു.

പരിശോധനയിൽ തിരിച്ചറിയപ്പെടാത്ത ദ്രാവകങ്ങൾ അടങ്ങിയ കുപ്പികൾ സൂക്ഷിച്ചിരുന്ന നിരവധി റഫ്രിജറേറ്ററുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവ അപകടകരമായ ജൈവവസ്തുക്കളാണോ എന്ന് പരിശോധിച്ചു വരികയാണ്. നിലവിൽ പൊതുജനങ്ങൾക്ക് ഭീഷണിയൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. ഈ വീടിന്റെ ഉടമസ്ഥന് 2023-ൽ കാലിഫോർണിയയിലെ റീഡ്‌ലിയിൽ സമാനമായ രീതിയിൽ അനധികൃത ബയോ ലാബ് നടത്തിയ കേസുമായി ബന്ധമുണ്ടെന്ന് ഷെരീഫ് കെവിൻ മക്മഹിൽ വെളിപ്പെടുത്തി.

ജിയാ ബീ ഷൂ എന്നയാളാണ് ഈ വീടിന്റെ ഉടമസ്ഥൻ. കോവിഡ്-19, എച്ച്.ഐ.വി, പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകൾ എന്നിവ കൃത്യമായ അനുമതിയില്ലാതെ നിർമ്മിച്ചതിനും വ്യാജ ലേബലുകൾ ഒട്ടിച്ചതിനും ഇയാൾക്കെതിരെ നേരത്തെ കേസുണ്ട്. നിലവിൽ ഫെഡറൽ കസ്റ്റഡിയിലുള്ള ഇയാളുടെ വിചാരണ ഏപ്രിലിൽ നടക്കാനിരിക്കെയാണ് ലാസ് വേഗാസിലും ഇയാൾക്ക് ലാബ് ഉണ്ടായിരുന്നു എന്ന വിവരങ്ങൾ പുറത്തുവരുന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ള ഈ കേസിൽ എഫ്.ബി.ഐ ഉൾപ്പെടെയുള്ള ഏജൻസികൾ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Share Email
LATEST
More Articles
Top