ഇസ്‌ളാമാബാദ്: അഫ്ഗാനിസ്ഥാനിലെ അതിര്‍ത്തിമേഖലകളില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടി നല്കുമെന്നു താലിബാന്‍ ഭരണകൂടം. അല്‍ അറബിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദാണ് പാക്കിസ്ഥാന് സെനിക മറുപടി നല്കുമെന്നു വ്യക്തമാക്കിയത്.
ഇതോടെ ഇരു അയല്‍രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാ കുകയാണ്. സൈനിക പ്രതികരണമുണ്ടാകുമെന്നും അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടില്ലെന്നും താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ ചെയ്ത നാണംകെട്ട പ്രവര്‍ത്തിക്ക് അവര്‍ക്ക് മറുപടി ലഭിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ നംഗര്‍ഹാര്‍, തെക്കുകിഴക്കന്‍ പക്തിക പ്രവിശ്യകളില്‍ പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളില്‍ ഭീകര കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന ഇസ്ലാമാബാദിന്റെ അവകാശവാദം താലിബാന്‍ പൂര്‍ണ്ണമായും തള്ളി.
അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ആക്രമണം നടത്തിയതെന്നാണ് പാകിസ്ഥാന്റെ വിശദീകരണം. തഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍, ഇസ്ലാമിക് സ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട ഏഴ് ഭീകര ക്യാമ്പുകള്‍ തകര്‍ത്തതായി പാക് വാര്‍ത്താവിനിമയ മന്ത്രി അത്യാവുല്ല തരാര്‍ പറഞ്ഞു. റമദാന്‍ തുടങ്ങിയതിന് ശേഷം പാകിസ്ഥാനില്‍ നടന്ന വിവിധ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഈ കേന്ദ്രങ്ങളാണെന്നാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്.
അഫ്ഗാന്‍ മണ്ണ് ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നില്ലെന്ന് താലിബാന്‍ ആവര്‍ത്തിച്ചു. പാകിസ്ഥാനില്‍ എന്ത് ആക്രമണം നടന്നാലും തെളിവില്ലാതെ അഫ്ഗാനിസ്ഥാനെ കുറ്റപ്പെടുത്തുന്നത് പതിവാണെന്നും അവര്‍ പറഞ്ഞു. ഞായറാഴ്ച നടന്ന വ്യോമാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടതായും അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ വക്താവ് വെളിപ്പെടുത്തി.
Taliban regime vows heavy military response to Pakistan













