ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവര്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്വർണ്ണക്കവർച്ചയിൽ തന്ത്രിയുൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം, കള്ളന്മാരുടെ പട്ടികയിൽ തന്ത്രിയുടെ പേരും ഉണ്ടെന്ന പരാമർശം നടത്തി. ഹൈക്കോടതി നിരീക്ഷണങ്ങളുടെയും അന്വേഷണ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് താൻ ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അയ്യപ്പന്റെ സ്വർണ്ണം മോഷ്ടിച്ചവർ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിലാണ് തന്ത്രിയുടെ പങ്കിനെക്കുറിച്ച് ആരോപണം ഉയർന്നത്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള അടുത്ത ബന്ധം അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടിയിരുന്നു. 2019-ൽ നടന്ന സംഭവങ്ങളിൽ തന്ത്രിക്ക് അറിവുണ്ടായിരുന്നുവെന്നും സത്യം മറച്ചുവെക്കാൻ ശ്രമിച്ചുവെന്നുമാണ് ഗോവിന്ദൻ മാസ്റ്ററുടെ ആരോപണം. എന്നാൽ തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും യുവതീ പ്രവേശനത്തെ എതിർത്തതിലുള്ള പ്രതികാരമാണെന്നുമാണ് തന്ത്രി കണ്ഠരര് രാജീവര് കോടതിയിൽ വാദിച്ചത്.ഈ വിവാദം രാഷ്ട്രീയമായും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെയും യുഡിഎഫ് കൺവീനറുടെയും പേരുകൾ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെടുത്തി എം.വി. ഗോവിന്ദൻ നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം, കേസിൽ തന്ത്രിക്കെതിരെ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം സ്വർണ്ണക്കൊള്ള വിഷയം ഉയർത്തുന്നതിനിടയിലാണ് തന്ത്രിക്കെതിരെ കടുത്ത നിലപാടുമായി ഭരണകക്ഷി രംഗത്തെത്തുന്നത്.













