എപ്‌സ്റ്റീൻ ബന്ധത്തിൽ കുടുങ്ങി അടുത്ത രാജി, വേൾഡ് ഇക്കണോമിക് ഫോറം തലവൻ പടിയിറങ്ങി; എപ്‌സ്റ്റീനുമായി അത്താഴ വിരുന്നുകളിൽ പങ്കെടുത്തുവെന്ന് രേഖകൾ

എപ്‌സ്റ്റീൻ ബന്ധത്തിൽ കുടുങ്ങി അടുത്ത രാജി, വേൾഡ് ഇക്കണോമിക് ഫോറം തലവൻ പടിയിറങ്ങി; എപ്‌സ്റ്റീനുമായി അത്താഴ വിരുന്നുകളിൽ പങ്കെടുത്തുവെന്ന് രേഖകൾ

ലണ്ടൻ/ജനീവ: വേൾഡ് ഇക്കണോമിക് ഫോറം പ്രസിഡന്‍റും സിഇഒയുമായ ബോർഗെ ബ്രെൻഡെ രാജിവെച്ചു. അമേരിക്കൻ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബ്രെൻഡെ പുലർത്തിയ ബന്ധത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടന്നതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത രാജി. അമേരിക്കൻ നീതി ന്യായ വകുപ്പ് പുറത്തുവിട്ട ‘എപ്‌സ്റ്റീൻ ഫയലുകളിൽ’ ബ്രെൻഡെയുടെ പേര് പരാമർശിക്കപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്. 2018-ലും 2019-ലും എപ്‌സ്റ്റീനുമായി ബ്രെൻഡെ മൂന്ന് തവണ അത്താഴ വിരുന്നുകളിൽ പങ്കെടുത്തതായും ഇമെയിൽ, ടെക്സ്റ്റ് സന്ദേശങ്ങൾ കൈമാറിയതായും രേഖകൾ വ്യക്തമാക്കുന്നു.

ഈ വെളിപ്പെടുത്തലുകളെത്തുടർന്ന് ഫെബ്രുവരി ആദ്യവാരം ഡബ്ല്യുഇഎഫ് ഒരു സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബ്രെൻഡെക്ക് എപ്‌സ്റ്റീന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നും മറ്റും ഈ അന്വേഷണം പരിശോധിച്ചു. “8.5 വർഷം നീണ്ട സേവനത്തിന് ശേഷം ഞാൻ പടിയിറങ്ങുന്നു. ഫോറത്തിന്റെ പ്രവർത്തനം തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകാൻ ഇത് ഉചിതമായ സമയമാണെന്ന് ഞാൻ വിശ്വസിക്കുന്നു,” എന്ന് ബ്രെൻഡെ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ എപ്‌സ്റ്റീനെക്കുറിച്ച് അദ്ദേഹം നേരിട്ട് പരാമർശിച്ചില്ല.

ബ്രെൻഡെക്ക് പകരം അലോയ്സ് സ്വിംഗി താല്ക്കാലിക പ്രസിഡന്റായി ചുമതലയേൽക്കുമെന്ന് ഫോറം അറിയിച്ചു.
എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവന്നതോടെ രാജിവെക്കുന്ന ഏറ്റവും പ്രമുഖനായ വ്യക്തിയാണ് ബോർഗെ ബ്രെൻഡെ. നോർവേയുടെ മുൻ വിദേശകാര്യ മന്ത്രി കൂടിയായ ഇദ്ദേഹത്തിന് പുറമെ, മുൻ അമേരിക്കൻ സെനറ്റർ ബോബ് കെറി, ഹാർവാർഡ് സാമ്പത്തിക ശാസ്ത്രജ്ഞൻ ലാറി സമ്മേഴ്‌സ് എന്നിവരും സമാനമായ രീതിയിൽ സ്ഥാനമൊഴിഞ്ഞിരുന്നു. എപ്‌സ്റ്റീന്റെ വിപുലമായ സ്വാധീനം ലോകത്തെ ഉന്നത നിരയിലുള്ള പലരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Share Email
LATEST
Top