പാനമ കനാൽ തുറമുഖ വിവാദം: പാനമയ്ക്കെതിരെ ചൈനയുടെ കടുത്ത മുന്നറിയിപ്പ്; അമേരിക്കൻ സ്വാധീനം വ്യക്തമെന്ന് ആക്ഷേപം

പാനമ കനാൽ തുറമുഖ വിവാദം: പാനമയ്ക്കെതിരെ ചൈനയുടെ കടുത്ത മുന്നറിയിപ്പ്; അമേരിക്കൻ സ്വാധീനം വ്യക്തമെന്ന് ആക്ഷേപം

ബീജിംഗ്/പാനമ സിറ്റി: പാനമ കനാലിലെ പ്രധാന തുറമുഖങ്ങളായ ബാൽബോവ, ക്രിസ്റ്റോബൽ എന്നിവയുടെ നടത്തിപ്പ് അവകാശം ഹോങ്കോങ് ആസ്ഥാനമായുള്ള സി കെ ഹച്ചിസൺ എന്ന കമ്പനിക്ക് നൽകിയത് ഭരണഘടനാ വിരുദ്ധമാണെന്ന് പാനമ സുപ്രീം കോടതി വിധിച്ചു. ഈ വിധിക്കെതിരെ ചൈന അതീവ പ്രകോപനപരമായാണ് പ്രതികരിച്ചിരിക്കുന്നത്. വിധി തിരുത്തിയില്ലെങ്കിൽ പാനമ “കടുത്ത രാഷ്ട്രീയ-സാമ്പത്തിക വില” നൽകേണ്ടി വരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും ഹോങ്കോങ് കാര്യാലയവും സംയുക്തമായി മുന്നറിയിപ്പ് നൽകി.

ട്രംപ് ഭരണകൂടം അധികാരമേറ്റതിന് പിന്നാലെ പാനമ കനാലിന് മേൽ ചൈനയ്ക്കുള്ള സ്വാധീനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ ഈ സമ്മർദ്ദത്തിന് പാനമ കീഴ്പ്പെട്ടുവെന്നും, ഹെജിമണി എന്ന അമേരിക്കൻ നയത്തിന്റെ ഭാഗമായാണ് ഈ വിധിയെന്നുമാണ് ചൈനയുടെ പ്രധാന ആരോപണം. 1990-കൾ മുതൽ ഈ തുറമുഖങ്ങൾ നടത്തിവന്നിരുന്നത് സി കെ ഹച്ചിസന്റെ ഉപകമ്പനിയായ പാനമ പോർട്ട്സ് കമ്പനിയാണ്. എന്നാൽ 2021-ൽ ഈ കരാർ 25 വർഷത്തേക്ക് കൂടി പുതുക്കി നൽകിയത് അഴിമതി നിറഞ്ഞതാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും കോടതി കണ്ടെത്തി. ഏകദേശം 1.2 ബില്യൺ ഡോളറിന്റെ നഷ്ടം പാനമയ്ക്ക് ഇതുമൂലം ഉണ്ടായതായി സിവിൽ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.

കോടതി വിധിക്കെതിരെ സി.കെ. ഹച്ചിസൺ അന്താരാഷ്ട്ര തലത്തിൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ 23 ബില്യൺ ഡോളറിന്റെ ആഗോള തുറമുഖ കച്ചവടത്തെ ഈ വിധി ബാധിക്കുമെന്ന ആശങ്കയിലാണ് കമ്പനി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പാനമയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. പശ്ചിമാർദ്ധഗോളത്തിൽ ചൈനയുടെ സ്വാധീനം ഇല്ലാതാക്കുന്നതിൽ ലഭിച്ച വലിയ വിജയമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. എന്നാൽ പാനമ പ്രസിഡന്റ് ഹൊസെ റൗൾ മുളിനോ ചൈനയുടെ ഭീഷണികളെ തള്ളിക്കളഞ്ഞു. പാനമയുടെ പരമാധികാരത്തിലും നിയമവ്യവസ്ഥയിലും വിദേശരാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുറമുഖങ്ങളുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരുമെന്നും താൽക്കാലികമായി എപിഎം ടെര്‍മിനൽസ് എന്ന കമ്പനി ഇവയുടെ ചുമതലയേൽക്കുമെന്നും അദ്ദേഹം അറിയിച്ചു.

Share Email
LATEST
More Articles
Top