‘ആയുധങ്ങൾ മാറിയേക്കാം, പക്ഷേ നയം പഴയതുതന്നെ’; ‘പ്ലാൻ ബി’യുമായി ട്രംപ് ഭരണകൂടം, നികുതി നയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രതികരണങ്ങൾ

‘ആയുധങ്ങൾ മാറിയേക്കാം, പക്ഷേ നയം പഴയതുതന്നെ’; ‘പ്ലാൻ ബി’യുമായി ട്രംപ് ഭരണകൂടം, നികുതി നയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രതികരണങ്ങൾ

വാഷിംഗ്ടൺ: വിദേശ ഉൽപ്പന്നങ്ങൾക്ക് മേൽ താൻ ചുമത്തിയ അധിക നികുതികൾ റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ, ബദൽ മാർഗ്ഗങ്ങളിലൂടെ നികുതി നയം നടപ്പിലാക്കാൻ ഒരുങ്ങി ഡോണൾഡ് ട്രംപ്. കോടതി വിധി തിരിച്ചടിയാണെങ്കിലും പ്രസിഡന്റിന്റെ വ്യാപാര ലക്ഷ്യങ്ങളിൽ മാറ്റമില്ലെന്നും മറ്റ് നിയമപരമായ ആയുധങ്ങൾ ഇതിനകം തന്നെ പ്രയോഗിച്ചു തുടങ്ങിയതായും യുഎസ് ട്രേഡ് പ്രതിനിധി ജെയ്മിസൺ ഗ്രീർ വ്യക്തമാക്കി.

ഐഇഇപിഎ (IEEPA) നിയമപ്രകാരമുള്ള നികുതികൾക്ക് പകരം 1974-ലെ ട്രേഡ് ആക്ട് സെക്ഷൻ 301 പ്രകാരം വിവിധ രാജ്യങ്ങൾക്കെതിരെ അന്വേഷണം ആരംഭിക്കും. രാജ്യങ്ങളുടെ അന്യായമായ വ്യാപാര രീതികൾ പരിശോധിക്കുന്ന ഈ നിയമത്തിലൂടെ നികുതികൾ പുനഃസ്ഥാപിക്കാൻ സാധിക്കും. സെക്ഷൻ 301 അന്വേഷണം പൂർത്തിയാക്കാൻ സമയം എടുക്കുമെന്നതിനാൽ, സെക്ഷൻ 122 പ്രകാരം 150 ദിവസത്തേക്ക് 10 ശതമാനം ആഗോള നികുതി ട്രംപ് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.

സ്റ്റീൽ, അലുമിനിയം, വാഹനങ്ങൾ എന്നിവയ്ക്ക് നിലവിലുള്ള ദേശീയ സുരക്ഷാ നികുതികൾ കോടതി വിധി ബാധിക്കില്ലെന്നും അവ തുടരുമെന്നും ഗ്രീർ അറിയിച്ചു. “ആയുധങ്ങൾ മാറിയേക്കാം, പക്ഷേ നയം പഴയതുതന്നെ,” എന്നായിരുന്നു ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഗ്രീറിന്റെ പ്രതികരണം. കഴിഞ്ഞ ഒരു വർഷത്തിനിടെ ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന രാജ്യങ്ങളുമായി പുതിയ വ്യാപാര കരാറുകൾ ഒപ്പിടാൻ ട്രംപ് ഭരണകൂടത്തിന് സാധിച്ചിട്ടുണ്ട്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിപണിയിൽ അസ്ഥിരത ഉണ്ടാകില്ലെന്നും മുൻപ് ഒപ്പിട്ട കരാറുകൾ അതേപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ചൈനയ്ക്കും ബ്രസീലിനുമെതിരായ നിലവിലെ അന്വേഷണങ്ങൾ കൂടുതൽ കർശനമാക്കാനാണ് ട്രേഡ് പ്രതിനിധിയുടെ ഓഫീസ് തീരുമാനിച്ചിരിക്കുന്നത്.

Share Email
LATEST
More Articles
Top