വാഷിംഗ്ടൺ: ട്രംപ് ഭരണകൂടം കുടിയേറ്റക്കാരെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്കല്ല, മറ്റു മൂന്നാം രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതിനായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നതായി സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയുടെ റിപ്പോർട്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരു വ്യക്തിയെ മാത്രം നാടുകടത്താൻ ഒരു മില്യൺ ഡോളറിലധികം (ഏകദേശം 8.5 കോടി രൂപ) വരെ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചതായി ഡെമോക്രാറ്റിക് സെനറ്റർ ജീൻ ഷഹീൻ നേതൃത്വം നൽകിയ റിപ്പോർട്ടിൽ ആരോപിക്കുന്നു. വളരെ
കുറഞ്ഞ എണ്ണം ആളുകളെ മാറ്റുന്നതിനായി ‘തേർഡ് കൺട്രി’ (മൂന്നാം രാജ്യം) കരാറുകൾ വഴി ഇതുവരെ 30 മില്യൺ ഡോളറിലധികം—ചില കണക്കുകൾ പ്രകാരം 40 മില്യൺ ഡോളർ വരെ—ഭരണകൂടം ചെലവഴിച്ചിട്ടുണ്ട്.
ചില കുടിയേറ്റക്കാരെ ആദ്യം ഒരു മൂന്നാം രാജ്യത്തിലേക്ക് അയച്ച് പണം നൽകുകയും, പിന്നീട് അവിടെ നിന്ന് അവരുടെ യഥാർത്ഥ രാജ്യത്തിലേക്ക് തിരികെ അയയ്ക്കാൻ വീണ്ടും തുക ചെലവഴിക്കുകയും ചെയ്തതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇത്രയധികം പണം ചെലവഴിച്ചിട്ടും വളരെ കുറച്ച് ആളുകളെ മാത്രം നീക്കുന്നത് നികുതിദായകരുടെ പണത്തിന്റെ വലിയ ദുർവിനിയോഗമാണെന്ന് ഡെമോക്രാറ്റുകൾ വിമർശിക്കുന്നു.
ഈ കരാറുകളുടെ പൂർണ വിശദാംശങ്ങൾ സർക്കാർ ഇതുവരെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
അമേരിക്കയിൽ അഭയാർഥന തേടിയെത്തുന്നവരെ നിരുത്സാഹപ്പെടുത്താനും അതിർത്തിയിലെ തിരക്ക് കുറയ്ക്കാനുമാണ് ട്രംപ് ഭരണകൂടം മറ്റു രാജ്യങ്ങളുമായി ‘തേർഡ് കൺട്രി’ ഉടമ്പടികൾ ഉണ്ടാക്കിയത്. കുടിയേറ്റ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ സമ്പ്രദായം അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. പണം നൽകി മറ്റു രാജ്യങ്ങളെക്കൊണ്ട് കുടിയേറ്റക്കാരെ സ്വീകരിപ്പിക്കുന്നത് ധാർമ്മികമായി അംഗീകരിക്കാനാവാത്തതാണെന്നും റിപ്പോർട്ട് വിമർശനമുന്നയിക്കുന്നു.













