വാഷിംഗ്ടൺ: വിന്‍റർ ഒളിമ്പിക്സ് വേദിയിൽ അമേരിക്കൻ താരം ഹണ്ടർ ഹെസ്സ് നടത്തിയ രാഷ്ട്രീയ പരാമർശങ്ങൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ അമേരിക്കയെ പ്രതിനിധീകരിക്കുന്നതിൽ തനിക്ക് സമ്മിശ്ര വികാരമാണുള്ളതെന്ന ഹെസ്സിന്റെ പ്രസ്താവനയ്ക്കെതിരെ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഹണ്ടർ ഹെസ്സ് ഒരു ‘യഥാർത്ഥ തോൽവി’ ആണെന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
രാജ്യത്തെ പ്രതിനിധീകരിക്കുന്നില്ല എന്നാണ് താരത്തിന്റെ നിലപാടെങ്കിൽ അയാൾ ടീമിൽ ഇടംപിടിക്കാൻ ശ്രമിക്കരുതായിരുന്നുവെന്നും, ഇങ്ങനെയുള്ളവർക്കായി ആവേശം പ്രകടിപ്പിക്കുക പ്രയാസകരമാണെന്നും ട്രംപ് തുറന്നടിച്ചു. താൻ അമേരിക്കൻ പതാക ധരിക്കുന്നു എന്നതുകൊണ്ട് രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെയും താൻ പ്രതിനിധീകരിക്കുന്നു എന്ന് അർത്ഥമില്ലെന്നും, അമേരിക്കയിൽ ഇപ്പോൾ നടക്കുന്ന പല കാര്യങ്ങളിലും താൻ സന്തുഷ്ടനല്ലെന്നുമാണ് ഹെസ്സ് കഴിഞ്ഞ ദിവസം പറഞ്ഞത്. തന്‍റെ കുടുംബത്തെയും സുഹൃത്തുക്കളെയും അമേരിക്കയിലെ നല്ല വശങ്ങളെയും മാത്രമാണ് താൻ പ്രതിനിധീകരിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.
ഹെസ്സിനെ കൂടാതെ മറ്റ് ചില അമേരിക്കൻ കായിക താരങ്ങളും രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ തങ്ങളുടെ അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. മിനസോട്ടയിൽ നടന്ന വെടിവെപ്പുകളെയും കുടിയേറ്റ നിയമങ്ങൾ സംബന്ധിച്ച തർക്കങ്ങളെയും സൂചിപ്പിച്ചുകൊണ്ട് സ്കീയിംഗ് താരം ക്രിസ് ലില്ലിസ് തന്റെ കടുത്ത ദുഃഖം രേഖപ്പെടുത്തി. കായിക താരങ്ങൾ പൊതുവേ രാഷ്ട്രീയ അഭിപ്രായങ്ങൾ പറയാൻ മടിക്കാറുണ്ടെങ്കിലും അമേരിക്കയിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ തന്നെ തളർത്തുന്നുവെന്നാണ് ലില്ലിസ് പ്രതികരിച്ചത്. ഒളിമ്പിക്സ് വേദിയിൽ കായിക താരങ്ങൾ ഭരണകൂടത്തിനെതിരെ ശബ്‍ദമുയർത്തുന്നത് അമേരിക്കയിൽ വലിയ ചർച്ചകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.













