വാഷിംഗ്ടൺ: ജനീവയിൽ ആരംഭിക്കുന്ന ഇറാൻ ആണവ ചർച്ചകളിൽ താൻ പരോക്ഷമായി പങ്കുചേരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിംഗ്ടൺ ഡി.സിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ ചർച്ചകളിൽ വളരെ കടുപ്പമേറിയ നിലപാടുകൾ സ്വീകരിക്കുന്നവരാണെന്നും എങ്കിലും നിലവിലെ ചർച്ചകൾ നിർണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രതിനിധികളായി സ്പെഷ്യൽ എൻവോയ് സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നറും ചർച്ചകളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ ഒരു ഉടമ്പടിക്ക് തയ്യാറാകുമെന്നാണ് താൻ കരുതുന്നതെന്നും, അല്ലാത്തപക്ഷം അവർ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകൾ പരാജയപ്പെട്ടാൽ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ച് ഇറാൻ നേതൃത്വത്തിന് കൃത്യമായ ബോധ്യമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജനീവയിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുമ്പോഴും പശ്ചിമേഷ്യയിൽ അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം വൻതോതിൽ വർദ്ധിപ്പിക്കുകയാണ്. ഇറാനെ സമ്മർദ്ദത്തിലാക്കാനും ചർച്ചകൾ പരാജയപ്പെട്ടാൽ രാജ്യത്തിനുള്ളിൽ തന്നെ ആക്രമണം നടത്താനുമുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ നീക്കമെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉൾപ്പെടെയുള്ള വൻ സന്നാഹമാണ് നിലവിൽ പശ്ചിമേഷ്യയിൽ അമേരിക്ക വിന്യസിച്ചിരിക്കുന്നത്.












