ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗം തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്ന തരത്തില്‍ പ്രക്ഷേപണം ചെയ്ത സംഭവത്തില്‍ ബിബിസിക്കെതിരേ ഡോണള്‍ഡ് ട്രംപ് നല്കിയ മാനനഷ്ട കേസില്‍ വിചാരണ അടുത്ത വര്‍ഷം നടക്കും.
വിചാരണ നടത്തരുതെന്നാവശ്യപ്പെട്ട് ബിബിസി നല്കിയ ഹര്‍ജി തള്ളിയ ഫ്‌ലോറിഡയിലെ സതേണ്‍ ഡിസ്ട്രിക്ട് ഫെഡറല്‍ കോടത 2027 ഫെബ്രുവരിയില്‍ വിചാരണ ആരംഭിക്കാന്‍ ഉത്തരവിട്ടു.10 ബില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസാണ് ട്രംപ് നല്കിയിട്ടുള്ളത്. ജഡ്ജി റോയ് കെ. ആള്‍ട്ട്മാനാണു കേസ് കേള്‍ക്കുന്നത്.
ട്രംപിന്റെ പല പ്രസംഗങ്ങള്‍കൂട്ടിച്ചേര്‍ത്ത് ബിബിസി തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ സംപ്രേഷണം ചെയ്തുവെന്നാണ് ആരോപണം. ബിബിസി ചെയര്‍പേഴ്‌സണ്‍ സമീര്‍ഷാ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് പാര്‍ലമെന്ററി ഉപസമിതിക്കു മുന്നില്‍ മാപ്പപേക്ഷിച്ചെങ്കിലും ട്രംപ് കേസുമായി മുന്നോട്ടുപോകുകയായിരുന്നു. തനിക്കുണ്ടായ മാനനഷ്ടത്തിന് അഞ്ചു ബില്യണ്‍ ഡോളറും മാധ്യമ കമ്പനിയുടെ തെറ്റായ നടപടികള്‍ക്ക് അഞ്ച് ബില്യണ്‍ ഡോളറും നഷ്ടപരിഹാരം നല്‍കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്.
Trump’s defamation case against BBC: Trial ordered to begin in February 2027













