വാഷിംഗ്ടൺ: സിറിയയിലെ ഐസിസ് ഭീകര സംഘടനയുടെ ശേഷിക്കുന്ന ശക്തികളെ ഇല്ലാതാക്കാൻ ഈ മാസം 10 വ്യോമാക്രമണങ്ങൾ നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഫെബ്രുവരി 3 മുതൽ 12 വരെയുള്ള കാലഘട്ടത്തിൽ 30-ലധികം ഐസിസ് കേന്ദ്രങ്ങളെയാണ് അമേരിക്ക ലക്ഷ്യമിട്ടത്. കഴിഞ്ഞ ഡിസംബറിൽ സിറിയയിലെ പാൽമിറയിൽ ഐസിസ് തീവ്രവാദി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് അമേരിക്കൻ സൈനികർക്കുള്ള ആദരസൂചകമായാണ് ഈ ഓപ്പറേഷന് ‘ഹോക്കി സ്ട്രൈക്ക്’ എന്ന പേര് നൽകിയിരിക്കുന്നത്. ഇരുവരും അമേരിക്കയിലെ അയോവ സംസ്ഥാന സ്വദേശികളായിരുന്നു.
യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ തുടങ്ങിയവ ഉപയോഗിച്ച് അതീവ കൃത്യതയോടെയാണ് ഭീകരരുടെ ആയുധശേഖരങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർത്തത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 100-ലധികം ഐസിസ് താവളങ്ങൾ നശിപ്പിക്കുകയും 50-ലധികം ഭീകരരെ കൊല്ലുകയോ പിടികൂടുകയോ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ജനുവരി അവസാനം മുതൽ ഫെബ്രുവരി ആദ്യം വരെ ഭീകരരുടെ ആശയവിനിമയ കേന്ദ്രങ്ങൾക്കും ലോജിസ്റ്റിക്സ് യൂണിറ്റുകൾക്കും എതിരെയും ആക്രമണങ്ങൾ നടന്നിരുന്നു.
സിറിയയിലെ ചില പ്രധാന സൈനിക താവളങ്ങളിൽ നിന്ന് അമേരിക്കൻ സൈന്യം പിൻവാങ്ങുന്ന സമയത്താണ് ഈ വേഗതയേറിയ ആക്രമണങ്ങൾ നടക്കുന്നത്. സിറിയയിലെ അമേരിക്കൻ സാന്നിധ്യം കുറയ്ക്കുന്നതിന്റെ ഭാഗമാണെങ്കിലും, ഭീകരവാദത്തിനെതിരായ പോരാട്ടം തുടരുമെന്ന് യുഎസ് വ്യക്തമാക്കി. ഭീകര ശൃംഖലകൾ വീണ്ടും ഉയിർത്തെഴുന്നേൽക്കാതിരിക്കാൻ മുൻകരുതൽ നടപടിയായാണ് പെന്റഗൺ ഈ വ്യോമാക്രമണങ്ങളെ വിശേഷിപ്പിക്കുന്നത്.













