ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നതിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, അമേരിക്കൻ കരുത്തിന്റെ പ്രതീകമായ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡ് മെഡിറ്ററേനിയൻ കടലിലെത്തി. വെനസ്വേലയിലെ ദൗത്യം പൂർത്തിയാക്കി മടങ്ങുകയായിരുന്ന കപ്പൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം ഇറാനെതിരെയുള്ള സൈനിക നീക്കത്തിന്റെ ഭാഗമായാണ് പശ്ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങുന്നത്. ജിബ്രാൾട്ടർ കടലിടുക്ക് പിന്നിട്ട് ഗ്രീസ് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് കപ്പൽ അടുക്കുന്നത് ഇറാന് നൽകുന്ന ശക്തമായ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.
നിലവിൽ അറബിക്കടലിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പിനൊപ്പം ജെറാൾഡ് ഫോർഡ് കൂടി ചേരുന്നതോടെ മേഖലയിൽ അമേരിക്കയുടെ സൈനികാധിപത്യം വർദ്ധിക്കുമെന്നും ഇത് ഇറാനെതിരായ ആക്രമണത്തിന് മുന്നോടിയാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.













